കൊച്ചി: പൊതു നിരത്തുകളിലെ യോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

പൊതു നിരത്തുകളിലെ പ്രകടനും യോഗവും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയും അതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും ഏറെ ചര്‍ച്ചയായിരുന്നു. പുനപരിശോധന ഹരജി നിരാകരിച്ച സാഹചര്യത്തില്‍ സര്‍ക്കാറിന് അപ്പീല്‍ നല്‍കാവുന്നതാണ്.

നിലവിലുള്ള നിയമങ്ങള്‍ക്കെതിരല്ല സര്‍ക്കാര്‍ വിധി. സര്‍ക്കാരിന്റെ റിവ്യു ഹര്‍ജി തന്നെ ജനവിരുദ്ധമാണ്. സര്‍ക്കാരില്‍ നിന്ന് കനത്ത കോടതി ചിലവ് ഈടാക്കാത്തത് ജനങ്ങളുടെ പണം നഷ്ടപ്പെടുമെന്നതിനാലാണ്.

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നത് അനുവദിക്കാനാകില്ല. കോടതി നേരത്തെ പ്രഖ്യാപിച്ച വിധിയില്‍ അപാകതയില്ല. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുന്നത് മൗലികാവകാശമല്ല.

റോഡരികില്‍ പൊതുയോഗം നടത്തണമെന്ന നിര്‍ബന്ധം വിചിത്രമാണ്. പൊതുയോഗ നിരോധനത്തോട് എതിര്‍പ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് റിവ്യു ഹരജിയിലൂടെ ശ്രമിച്ചത്.

നിലവിലുള്ള എല്ലാ നിയമങ്ങളും റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള പ്രകടനങ്ങള്‍ക്കെതിരാണ്. ഈ ഉത്തരവിലൂടെ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. റോഡ് പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിനുള്ളതാണ്. അത് തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രകടനവും പൊതുയോഗങ്ങളും അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ പ്രതിനിധികളോ ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്താറില്ലെന്ന് കോടതി ഓര്‍മ്മിച്ചിച്ചു.

കോടതി വിധി നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും റിവ്യു ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും 10 ഓളം ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെയെത്തിയത്.