Categories

Headlines

പൊഖ്രാന്‍ വിവാദം അനാവശ്യം: പ്രധാനമന്ത്രി

manmohan_singh-rwറാംസര്‍: പൊഖ്‌റാന്‍ ആണവപരീക്ഷണത്തെക്കുറിച്ചുള്ള വിവാദം അനാവശ്യമാണന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പരീക്ഷണം വിജയമായിരുന്നുവെന്നു എ.പി.ജെ അബ്ദുള്‍ കലാം വ്യക്തമാക്കിയതാണന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണം വിജയമായിരുന്നില്ലന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ സന്താനത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയത്.

പരീക്ഷണസമയത്ത് ബി.ജെ.പി. സര്‍ക്കാറില്‍ ദേശീയ സുരക്ഷാഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്രയും അന്ന് ഡി.ആര്‍.ഡി.ഒയുടെ ഡയറക്ടര്‍ ജനറലായിരുന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമും നേരത്തെ കെ സന്താനത്തിന്റെ വാക്കുകള്‍ തള്ളിയിരുന്നു.

1998 മെയ് 11ന് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഭാഗികവിജയം മാത്രമായിരുന്നുവെന്നാണ് പ്രതിരോധ ഗവേഷണ വികസനകേന്ദ്രത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ കെ. സന്താനം പറഞ്ഞത്. സര്‍ക്കാര്‍ അന്ന് ചിത്രീകരിച്ച മട്ടില്‍ പരീക്ഷണം വന്‍ വിജയമായിരുന്നില്ല. സുരക്ഷാപ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തണം. ഫലസിദ്ധി കുറഞ്ഞ തെര്‍മോ ന്യൂക്ലിയര്‍ പരീക്ഷണമാണ് അന്ന് ഇന്ത്യ നടത്തിയത്. ആണവപരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ രാജ്യം തിരക്കു കൂട്ടരുതെന്നും സന്താനം നിര്‍ദേശിച്ചു.

പരീക്ഷണം നടന്ന് രണ്ടുദിവസം കഴിഞ്ഞ് ആണവോര്‍ജവകുപ്പ് മേധാവി ആര്‍. ചിദംബരം പരീക്ഷണം പൂര്‍ണ വിജയമായിരുന്നു എന്ന് തന്നെ അറിയിച്ചിരുന്നതായി ബ്രിജേഷ് മിശ്ര വ്യക്തമാക്കിയരുന്നു. പരീക്ഷണത്തിനുശേഷം വിശദമായ അവലോകനം നടത്തിയെന്നും ഇതില്‍ തെളിഞ്ഞത് പരീക്ഷണം ഉദ്ദേശിച്ച ഫലം കണ്ടെന്നുമാണെന്നാണ് അബ്ദുല്‍കലാം അറിയിച്ചത്. സന്താനത്തിന്റെ വെളിപ്പെടുത്തല്‍ അദ്ഭുതപ്പെടുത്തിയെന്നും യാഥാര്‍ഥ്യം സര്‍ക്കാര്‍ കണ്ടെത്തി ജനങ്ങളെ അറിയിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രി പി. ചിദംബരം ഇതിനോട് പ്രതികരിച്ചത്.

എന്നാല്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഉപയോഗിക്കാമായിരുന്നിട്ടും പരീക്ഷണം വിജയകരമായിരുന്നെന്നും വിവാദം ഒഴിവാക്കണമെന്നും നേതാക്കള്‍ പറയുന്നതിന് പിന്നില്‍ അമേരിക്കയുമായി ഒപ്പുവെച്ച ആണവ കരാണാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കരാര്‍ അനുസരിച്ച് ഇന്ത്യക്ക് ഇനി ആണവ പരീക്ഷണം നടത്താന്‍ കഴിയില്ല. നേരത്തെ നടന്ന പരീക്ഷണം പൂര്‍ണ വിജയമല്ലെന്ന് വന്നാല്‍ ആണവ ശക്തി തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണം നടത്തേണ്ടി വരും. അതിന് ഇന്ത്യക്ക് ഇനി കഴിയുകയുമില്ല. വിവാദമായ ആണവ കരാറിന്റെ പേരില്‍ യു.പി.എ നേരിട്ടേക്കാവുന്ന പ്രതിസന്ധി മുന്‍കൂട്ടിക്കണ്ടാണ് മന്‍മോഹനും കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പി ഭരണകാലത്ത് നടന്ന പരീക്ഷണം വിജയമായിരുന്നെന്ന് പറയാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.

Comments are closed.