എഡിറ്റര്‍
എഡിറ്റര്‍
പിണറായി മോദിയുടെ ഫോട്ടോസ്റ്റാറ്റാണെന്ന് വി.ഡി സതീശന്‍; എസ്.എഫ്.ഐ കേരളത്തിലെ ശ്രീരാമസേന
എഡിറ്റര്‍
Wednesday 15th February 2017 8:41am

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിയുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഇരട്ട ചങ്കനെന്ന് പ്രചരിപ്പിച്ച പിണറായിക്ക് ഒറ്റച്ചങ്ക് പോലുമില്ലെന്നും  വെറും കാറ്റുകയറിയ ബലൂണ്‍ മാത്രമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളമുഖ്യന്‍ ആളുകളെയും ഫയലുകളേയും ഭയക്കുകയാണ്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്ന് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഫയലുകളനങ്ങിയിട്ട് മാസങ്ങളായെന്നും സതീശന്‍ പറഞ്ഞു.

പിണറായി ഇപ്പോഴും സി.പി.ഐ.എം സംസ്ഥാനസെക്രട്ടറിയാണെന്ന ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. വിരട്ടാന്‍ നന്നായി അറിയുന്ന പിണറായിക്ക് ഭരിക്കാനറിയില്ല. വടക്കേയിന്ത്യയില്‍ സംഘപരിവാരത്തിന്റെ ശ്രീരാമസേനയെപ്പോലെയാണ് കേരളത്തിലെ സി.പി.ഐ.എം സേനയായ എസ്.എഫ്.ഐ യുടെ പ്രവര്‍ത്തനമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പ്പരം സംസാരിച്ചാല്‍ പിണറായിയുടെ സേനയ്ക്ക് കലികയറുമെന്നും സതീശന്‍ പറഞ്ഞു.

മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും തമ്മിലുള്ള പോരില്‍ പൊതുമരാമത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതായും സതീശന്‍ പറഞ്ഞു. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന മേഖലാജാഥയ്ക്ക് നേതൃത്വം നല്‍കി ആലപ്പുഴയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.

Advertisement