pinaraye-rw1ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ നടപടി ചോദ്യം ചെയ്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ആര്‍.വി രവീന്ദ്രന്‍, സുദര്‍ശന്‍ റെഡ്ഢി എന്നിരടങ്ങിയ ബഞ്ചാണ് ആറാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നത്. നാലാമത്തെ കേസായിട്ട് രാവിലെ പത്തരക്കാണ് പിണറായിയുടെ ഹര്‍ജി പരിഗണിക്കുക.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം പത്തിനാണ് പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും അത് റദ്ദാക്കണമെന്നും സി.ബി.ഐ തയാറാക്കിയ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് പിണറായി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പു സെക്രട്ടറിയെ മാത്രം എതിര്‍കക്ഷിയാക്കിയുള്ള ഹര്‍ജിയാണു പിണറായി ആദ്യം ഫയല്‍ ചെ്തത്. പിന്നീടു സി.ബി.ഐയെയും കക്ഷി ചേര്‍ത്തു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ തനിക്കു പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന്റെ അപേക്ഷയും കേസില്‍ കക്ഷി ചേരാന്‍ തലശ്ശേരിയിലെ ‘പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്’ പ്രസിഡന്റ.ടി. അസഫ് അലി നല്‍കിയ അപേക്ഷയും കോടതി ഇന്നു പരിഗണിക്കും.

പരേഖ് ആന്‍ഡ് കമ്പനിയിലൂടെയാണു പിണറായി ഹര്‍ജി ഫയല്‍ ചെയ്തത്. പിണറായി വിജയനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാനും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹരീഷ് സാല്‍വെയും കോടതിയില്‍ ഹാജരാകും. ക്രൈം എഡിറ്റര്‍ നന്ദകുമാറിന് വേണ്ടി കേസില്‍ ശാന്തിഭൂഷണും ഹാജരാകും. സി.ബി.ഐ.ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ ഹാജരാവും.

തന്നെ കുറ്റവിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി സ്‌റ്റേ ചെയ്ത് ക്രിമിനല്‍ റിട്ട് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് പിണറായി കോടതിയില്‍ ആവശ്യപ്പെടും. ഭരണഘടനാപരമായി ഗവര്‍ണര്‍ക്കുള്ള അധികാരവും സംസ്ഥാന മന്ത്രിസഭക്കുള്ള മേല്‍ക്കോയ്മയുമാവും പിണറായിയുടെ വാദത്തിന്റെ അടിസ്ഥാനം. ഗവര്‍ണറുടെയും മന്ത്രിസഭയുടെയും അധികാരം എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഈ പ്രശ്‌നത്തില്‍ ഭരണഘടനാ ബെഞ്ച് തീര്‍പ്പു കല്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചേക്കും.

നേരത്തെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. പിന്നീട് ഹര്‍ജി പൊതുതാല്‍പര്യവിഭാഗത്തില്‍ നിന്നും ക്രിമിനല്‍ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു