pinarayi-vijayan-rw2ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.സംസ്ഥാന സര്‍ക്കാര്‍, സി.ബി.ഐ എന്നിവര്‍ അടക്കമുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയ്ക്കാന്‍ കോടതി ഉത്തരവിട്ടു.പിണറായിക്കുവേണ്ടി ഹാജരായ ഫാലി എസ് നരിമാന്‍ ഗവര്‍ണറുടെ നടപടിക്ക് സ്‌റ്റേ ആവശ്യപ്പെട്ടിരുന്നില്ല.
സ്‌റ്റേ ഇല്ലാത്തതിനാല്‍ വിചാരണാ നടപടികള്‍ തുടരും. ഇതോടെ അടുത്തമാസം 24 ന് പിണറായി അടക്കമുള്ള പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാകേണ്ടിവരും.

ജസ്റ്റിസുമാരായ ആര്‍.വി.രവീന്ദ്രനും ബി.സുദര്‍ശന്‍ റെഡ്ഡിയുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍, തലശ്ശേരിയിലെ ‘പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്’ പ്രസിഡന്റ് ആസിഫലി എന്നിവരെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി ഉത്തരവായി.

ലാവലിന്‍ കേസില്‍ തന്നെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ നടപടി ചോദ്യം ചെയ്തും സി.ബി.ഐ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് പിണറായി ഹര്‍ജി നല്‍കിയത്. പിണറായിക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ എഫ്.എസ്. നരിമാനും സംസ്ഥാനസര്‍ക്കാറിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി. കേസില്‍ സി. ബി. ഐയുടെ ഭാഗത്തു നിന്ന് ആരും ഹാജരായില്ല. സി.ബി.ഐക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ഹാജരാവുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നിലവില്‍ മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന ആളുടെ കാര്യത്തില്‍ മാത്രമേ സംസ്ഥാന ഗവര്‍ണര്‍ക്ക് മന്ത്രിസഭാ തീരുമാനം മറികടക്കാന്‍ അധികാരമുള്ളൂ എന്ന് പിണറായിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി എന്നാല്‍ പിണറായി വിജയന്‍ മുന്‍മന്ത്രിയായതിനാല്‍ ഗവര്‍ണര്‍ നല്‍കുന്ന അനുമതി സാധുതയുള്ളതല്ലെന്നും ഫാലി എസ് നരിമാന്‍ വാദിച്ചു. ഈ സമയത്ത് കേരളത്തിലെ ഭരണ മുന്നണിയക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയല്ലേ പിണറായി വിജയനെന്ന് ജസ്റ്റീസ് ആര്‍ .വി രവീന്ദ്രന്‍ ഇടപെട്ട് ചോദിച്ചു. 1999ലെ ജയലളിത കേസിലടക്കമുള്ള സുപ്രധാന വിധികള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പിണറായിയുടെ അഭിഭാഷകന്‍ തന്റെ നിലപാട് വിശദീകരിയ്ക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണ്ണര്‍ക്ക് അവഗണിയ്‌ക്കേണ്ടിയിരുന്നെങ്കില്‍ അദ്ദേഹം പാലിയ്‌ക്കേണ്ട നടപടി ക്രമവും ഇതായിരുന്നില്ലെന്നും ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി.ഹര്‍ജി ഭരണ ഘടനാ ബഞ്ചിന്റെപരിഗണനക്കു വിടണം എന്നും ഹരീഷ് സാല്‍വേ വാദിച്ചു. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടെന്ന് ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ കോടതിയില്‍ ബോധിപ്പിച്ചു. ഭരണഘടനയുടെ 163/2 -ാം വകുപ്പ് ഇത് ശരിവ്ക്കുന്നുണ്ടെന്നും ശാന്തിഭൂഷന്‍ വാദിച്ചു. തുടര്‍ന്ന് പ്രഥമിക വാദം പൂര്‍ത്തിയാക്കിയ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ടി.പി നന്ദകുമാറിന്റെ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ ഹാജരാകാത്തത് കൊണ്ട് ഹരജി ഇന്ന് അവസാനത്തേക്ക് മാറ്റിയിരുന്നു.ആറാം നമ്പര്‍ കോടതിയിലെ അവസാനത്തെ കേസായിട്ടായിരുന്നു പരിഗണിച്ചത്.നേരത്തെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജി സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി മടക്കിയിരുന്നു. പിന്നീട് ഹര്‍ജി പൊതുതാല്‍പര്യവിഭാഗത്തില്‍ നിന്നും ക്രിമിനല്‍ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.