ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹരജി അന്തിമവാദത്തിനായി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, ജസ്റ്റിസ് അഫ്താബ് ആലം എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഓഫീസിനെ കക്ഷിചേര്‍ക്കണമെന്ന അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടായേക്കും.

ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് പിണറായി ഹരജിയില്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് പത്തിനാണ് പിണറായി വിജയന്‍ ഹരജി നല്‍കിയത്. സംസ്ഥാനസര്‍ക്കാരും സി ബി ഐയുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. തുടര്‍ന്ന് പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍റൈറ്റ്‌സ്, ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ തുടങ്ങിയവരും കേസില്‍ കക്ഷി ചേരുകയായിരുന്നു.

Subscribe Us:

ഗവര്‍ണറുടെ നടപടി തെറ്റാണെന്ന പിണറായിയുടെ വാദം പൂര്‍ണമായി ശരിവെക്കുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാരിന്റേത്. സി ബി ഐ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇതിനായി അവര്‍കൂടുതല്‍സമയം ആവശ്യപ്പെട്ടേക്കും. കേസില്‍ ഗവര്‍ണറുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്ന പീപ്പിള്‍സ് കൗണ്‍സിലിന്റെ അപേക്ഷയിലും ഇന്ന് തീരുമാനമുണ്ടായേക്കും