എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ സ്‌ഫോടന പരമ്പര; 103 മരണം
എഡിറ്റര്‍
Friday 11th January 2013 9:19am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്നലെ വിവിധയിടങ്ങളിലായി നടന്ന ആറ് ബോംബ് സ്‌ഫോടനങ്ങളില്‍ 103 പേര്‍ മരിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖാവ എന്നീ പ്രവിശ്യകളിലാണ് ഭീകരര്‍ ആക്രണം നടത്തിയത്.

Ads By Google

സംഭവത്തില്‍ 270 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരര്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്.

ബലൂചിസ്താന്റെ തലസ്ഥാനമായ ക്വെറ്റയിലെ അലംദാര്‍ റോഡില്‍ വൈകിട്ടുണ്ടായ ചാവേറാക്രമണത്തിലാണ് 69 പേര്‍ മരിച്ചത്. 160ലേറെ പേര്‍ക്ക് പരിക്കേറ്റു.

സ്‌നൂക്കര്‍ ക്ലബില്‍ കടന്നുവന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയാണുണ്ടായത്. ഹസാര ഷിയാ വിഭാഗക്കാര്‍ ഏറെ ജീവിക്കുന്ന പ്രദേശമാണ് അലംദാര്‍ റോഡ്. സംഭവം നടന്ന സ്‌നൂക്കര്‍ ക്ലബില്‍ രണ്ട് ഷിയാ പ്രാര്‍ഥനാ ഹാളുകളുണ്ടായിരുന്നു.

ചാവേറാക്രമണത്തെത്തുടര്‍ന്ന് സുരക്ഷാഭടന്മാരും മാധ്യമപ്രവര്‍ത്തകരുമടക്കം ഒട്ടേറെയാളുകള്‍ തടിച്ചുകൂടിയപ്പോള്‍ സ്ഥലത്ത് മൂന്ന് ബോംബുകള്‍ കൂടി പൊട്ടിത്തെറിച്ചു. ഡിവൈ.എസ്.പി.യും ടെലിവിഷന്‍ ചാനലിന്റെ ക്യാമറാമാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമടക്കം ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വാത് താഴ്‌വരയില്‍ ഒരു മതസ്ഥാപനത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 70 തിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവിടെ മതപ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണങ്ങളുടെയൊന്നും ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദി സംഘടനകളും ഏറ്റെടുത്തിട്ടില്ല. താലിബാന്‍, ബലൂച് നാഷണലിസ്റ്റ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ആസ്ഥാനമാണ് ബലൂചിസ്ഥാന്‍.

2009 ല്‍ പാക്കിസ്ഥാന്‍ സൈനിക നടപടി തുടങ്ങും വരെ സ്വാത് താഴ്‌വര താലിബാന്റെ ശക്തി കേന്ദ്രമായിരുന്നു. സൈന്യവും സുരക്ഷാ സേനയും നടപടികള്‍ ശക്തമാക്കിയതോടെ ഇവിടെയുണ്ടായിരുന്ന താലിബാന്‍ കമാന്‍ഡര്‍മാരെല്ലാം അഫ്ഗാനിലേയ്ക്ക് കടക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്കുമുമ്പ് ക്വെറ്റയിലെ തിരക്കേറിയ കവലയില്‍ സൈനികവാഹനത്തിന് താഴെ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചിരുന്നു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരു സൈനികനും രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു.

കാറില്‍ വച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. പത്തുകാറുകളും നിരവധി മോട്ടോര്‍ബൈക്കുകളും തകര്‍ന്നു. കമ്പോളത്തിലെ കെട്ടിടങ്ങള്‍ക്കു കനത്തനാശമുണ്ടായി. ബലൂച് ദേശീയ സംഘടനകള്‍ക്കും താലിബാനും സ്വാധീനമുള്ള മേഖലയാണ് ക്വറ്റ.

തീവ്രവാദികളുമായി ബന്ധമില്ലാത്ത തബ്്‌ലീഗി ജമാത്തിന്റെ ഓഫീസിനു സമീപമായിരുന്നു മറ്റൊരു സ്‌ഫോടനമെന്ന് ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നുവെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍ ബോംബ് സ്‌ഫോടനമായിരുന്നുവെന്ന് പിന്നീട് ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ 22 മൃതദേഹങ്ങള്‍ കിട്ടി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

Advertisement