ലണ്ടന്‍ : പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ ഇന്ത്യക്കു മാത്രമുള്ള ഭീഷണിയാണെന്ന് കരുതേണ്ടെന്നും എല്ലാ രാജ്യങ്ങള്‍ക്കും ഈ സംഘടനകള്‍ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പി ചിദംബരം. പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കയും ബ്രിട്ടനും പാക്കിസ്ഥാനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്റെ എക്കാലത്തെയും സുഹൃത്തുക്കളായ അമേരിക്കക്കും ബ്രിട്ടനും ആ രാജ്യത്തിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കു പരിമിതികളുണ്ടെന്നും ചിദംബരം അഭിപ്രായപ്പെട്ടു. ലഷ്‌കറെ തയിബ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കു കടിഞ്ഞാണിടുന്നതിനു പാക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അല്‍ ഖായിദയെപ്പോലെ ബഹുരാഷ്ട്ര തീവ്രവാദ സംഘടനയായി ലഷ്്കറെ തയിബ വളര്‍ന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ സന്ദര്‍ശനത്തിനിടെ ബി ബി സിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.