manmohan

കശ്മീര്‍: ഇന്ത്യ താലിബാനെ സഹായിക്കുന്നുവെന്ന പാക്ക് ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. അക്രമം ഉപേക്ഷിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ശ്രീനഗറില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു തയ്യാറാണ്. എന്നാല്‍ ഫലപ്രദമായി ചര്‍ച്ച നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കണം. ബാഹ്യശക്തികളുടെ സമര്‍ദ്ദത്തിന്റെ ഫലമായി ചര്‍ച്ചക്ക് ഇന്ത്യ തയ്യാറല്ല. കശ്മീരില്‍ സമാധാന പ്രക്രിയക്കു പുതിയ തുടക്കമാകുകയാണ്. കശ്മീര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയും പാകിസ്താനും തമ്മിലുളള ചര്‍ച്ചക്ക് അമേരിക്ക ഇടപെടണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണുമായി നടത്തിയ ചര്‍ച്ചയില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായുള്ള ചര്‍ച്ച എത്രയുംവേഗം തുടരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാമെന്ന് ഹില്ലരി ക്ലിന്റണ്‍ ഉറപ്പുനല്‍കി.