Categories

പന്നിപ്പനി വാക്‌സിന്‍ തയ്യാര്‍; ഇന്ത്യക്ക് ലഭിക്കില്ല

h1-n1-rw1ന്യൂഡല്‍ഹി: പന്നിപ്പനി വാക്‌സിന്റെ ആദ്യ ബാച്ച് അമേരിക്കയിലുള്ള ബാക്സ്റ്റര്‍ കമ്പനിയില്‍ തയ്യാറായി. ബാക്‌സ്റ്ററില്‍ നിന്നുള്ള ആദ്യ ബാച്ച് മരുന്നുകള്‍ ബ്രിട്ടീഷ് ഹെല്‍ത്ത് നെറ്റ്‌വര്‍ക്കിനാണ് ലഭിക്കുക. ബാക്‌സ്റ്ററില്‍ നിന്നും മറ്റ് കമ്പനികളില്‍ നിന്നുമുള്ള തുടര്‍ന്നുള്ള ബാച്ചുകള്‍ക്കും ബ്രിട്ടനും അമേരിക്കയും ബുക്ക് ചെയ്തുകഴിഞ്ഞു.
195 ദശലക്ഷം ഡോസ് വാക്‌സിന്‍ അമേരിക്കയിലേക്കും 90 ദശലക്ഷം ഡോസ് ബ്രിട്ടനിലേക്കും ഒഴുകും. എന്നാല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ഇതുവരെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല.

വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന നൊവാര്‍ട്ടിസ്, ഗ്ലാക്‌സോ, സ്മിത്ത്‌ക്ലൈന്‍ പോലുള്ള ഒരു കമ്പനിയുമായും ഇന്ത്യ ഇതുവരെ വാക്‌സിനു വേണ്ടി കരാറിലേര്‍പ്പെട്ടിട്ടില്ല. ഇന്ത്യയില്‍ തന്നെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് 2010നു മുമ്പ് പൂര്‍ത്തിയാവില്ലെന്നാണറിയുന്നത്.ചൈനയില്‍ 20 കമ്പനികള്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉത്തരാര്‍ധഗോളത്തിലെ രാജ്യങ്ങള്‍ 100 കോടി ഡോസ് വാക്‌സിന് ഓര്‍ഡര്‍ ചെയ്തതായി ലോകാരോഗ്യ സംഘടന ഈയിടെ വെളിപ്പെടുത്തിയിരുന്നു.

തണുപ്പുകാലത്തോടുകൂടി പനി വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, എച്ച്1 എന്‍1 വൈറസ് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 90നടുത്തെത്തിയെങ്കിലും രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല.

Comments are closed.