Administrator
Administrator
പന്നിപ്പനി: ഗള്‍ഫിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് നീട്ടുന്നു
Administrator
Friday 28th August 2009 5:23am

asia_-_swine_flu_among_chil1ദുബയ്: പന്നിപ്പനിബാധ വ്യാപകമായി പടരുന്നതു തടയാനായി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കമുള്ള സ്വകാര്യവിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടുന്നു. കുവൈത്തില്‍ സപ്തംബര്‍ 10 വരെ വിദ്യാലയങ്ങള്‍ തുറക്കേണ്ടെന്നാണു തീരുമാനം. ആഗസ്ത് 29നു തുറക്കേണ്ട ഒമാനിലെ വിദ്യാലയങ്ങള്‍ സപ്തംബര്‍ 26നായിരിക്കും തുറക്കുക. യു.എ.ഇയിലെ വിദ്യാലയങ്ങള്‍ ഈമാസം 30നു തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. യു.എ.ഇ ആരോഗ്യമന്ത്രാലയം ഈ വിഷയത്തെക്കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.
കുട്ടികള്‍ വായുസഞ്ചാരമില്ലാത്ത, എയര്‍ കണ്ടീഷന്‍ ചെയ്ത ക്ലാസ്മുറികളില്‍ മണിക്കൂറുകളോളം ഒന്നിച്ചുകഴിയുന്നതു പന്നിപ്പനി പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് അധികൃതരെ കുഴക്കുന്നത്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പ്രതിരോധശേഷി കുറവായതിനാല്‍ അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്നാണു ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. അവധി കഴിഞ്ഞെത്തുന്ന കുട്ടികളെ ഒരാഴ്ച സ്വന്തം വീടുകളില്‍ത്തന്നെ പാര്‍പ്പിച്ചു വൈറസ്ബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇവര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
രോഗബാധ നിയന്ത്രണ വിധേയമാവുന്നതു വരെ വിദ്യാലയങ്ങള്‍ തുറക്കരുതെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ നിര്‍ദേശം വന്നിട്ടുള്ളത്. നവംബര്‍ വരെ സ്‌കൂളുകള്‍ തുറക്കരുതെന്ന നിര്‍ദേശവും പഠനത്തില്‍ ഉയര്‍ന്നിരുന്നു.
ഇതു സംബന്ധിച്ച്് ഇരു മന്ത്രാലയങ്ങളുടെയും ശുപാര്‍ശ കുവൈത്ത് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടിട്ടുണ്ട്. കുവൈത്തില്‍ പന്നിപ്പനി നിയന്ത്രണ വിധേയമാക്കാനായി 120 പുതിയ ക്ലിനിക്കുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. 1100 പേര്‍ക്ക് പന്നിപ്പനി ബാധയേറ്റ കുവൈത്തില്‍ നാലു പേരാണു മരണപ്പെട്ടത്്.
ഒമാനില്‍ 763 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആറുപേര്‍ മരണമടഞ്ഞു. സൗദി അറേബ്യയില്‍ 16 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചിട്ടുണ്ട്. യു.എ.ഇയില്‍ ഇന്ത്യക്കാരനായ 63 കാരനാണ് ഈ രോഗം ബാധിച്ചു മരിച്ചത്.

Advertisement