ന്യൂദല്‍ഹി: പതിനഞ്ച് ദിവസത്തിനകം ദലിതരാണെന്ന് തെളിയിക്കാന്‍ രോഹിത് വെമൂലയുടെ അമ്മയ്ക്ക് ഷോക്കോസ് നോട്ടീസ്. ജില്ലാ തല സ്‌ക്രൂട്ടിനി കമ്മിറ്റി രോഹിത് വെമൂലയും അമ്മ രാധിക വെമൂലയും ഒ.ബി.സിയാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം, തങ്ങള്‍ വിശദമായ അന്വേഷണം നടത്തിയെന്നും അന്തരിച്ച ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ രോഹിത് ദലിതനല്ലെന്നാണ് കണ്ടെത്തിയതെന്നും ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ കാന്തിലാല്‍ ദാന്‍ഡെ പറഞ്ഞു.

തങ്ങളുടെ അവകാശവാദം തെളിയിക്കുന്നതില്‍ രോഹിതിന്റെ കുടുംബം പരാജയപ്പെട്ടെന്നും അവരുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും രോഹിതിന്റെ കുടുംബം സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത് അനധികൃതമായ മാര്‍ഗ്ഗത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രോഹിത് ദലിതനാണെന്ന് ഗുണ്ടൂര്‍ ജില്ലാ കളക്ടര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സിന് മുമ്പാകെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് ദലിത്-വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്.

അതേസമയം റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരികയാണെന്ന് രോഹിതിന്റെ സഹോദരന്‍ രാജ ചൈതന്യ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തന്നെ ചോദ്യം ചെയ്ത റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും തനിക്ക് കടുത്ത അപമാനമാണ് നേരിടേണ്ടി വന്നതെന്ന് രോഹിതിന്‍െ അമ്മ രാധിക വെമൂല പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വേര്‍പെട്ട് കഴിയുന്ന താന്‍ എങ്ങനെയാണ് ഒരു കുടുംബം നോക്കുന്നതെന്ന് അവര്‍ ആവര്‍ത്തിച്ച് ചോദിച്ചതായി അവര്‍ പറയുന്നു.

2016 ജനുവരി 17 നായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ രോഹിത് വെമൂലയെ കണ്ടെത്തുന്നത്. യൂണിവേഴ്‌സിറ്റിയിലെ ജാതിയതയിലും വിവേചനത്തിലും മനംനൊന്തായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. കേസില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായ പോദില്‍ അപ്പറാവു, യൂണിയന്‍ മിനിസ്റ്റര്‍ ബംഗാരു ദത്താത്രേയ, തുടങ്ങിയവരുടെ പേരില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു.