ന്യൂദല്‍ഹി: ജനുവരിയില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8.5 ശതമാനമെത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. ഇന്ധന വിലവര്‍ധനവിന്റേയും ഭക്ഷ്യവസ്തുക്കളുടേയും വിലയിലുണ്ടായ കുതിപ്പ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നവംബറില്‍ 7.48 ശതമാനം ആയിരുന്ന നിരക്ക് ഡിസംബറില്‍ ഉയര്‍ന്ന് 8.43ലെത്തിയിരുന്നു. ജനുവരി വരെ നിരക്ക് ഉയര്‍ന്നിരിക്കുമെന്നും ഫെബ്രുവരിയോടെ ഇടിവ് വരുമെന്നും സാമ്പത്തിക ശാസ്ത്രഞ്ജനായ ഡി.കെ ജോഷി പറഞ്ഞു.

ഭക്ഷ്യവിലയിലെ കയറ്റവും ഇന്ധനവിലയില്‍ അടിക്കടിയുണ്ടായ മാറ്റങ്ങളും ഇന്ത്യന്‍ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കും. അതിനിടെ പണപ്പെരുപ്പ നിരക്ക് 5.5-7 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാകുമെന്ന് റിസര്‍വ് ബാങ്ക് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.