എഡിറ്റര്‍
എഡിറ്റര്‍
നീ ജീവിതത്തെ ജയിച്ച നായികയാണ്, നിന്റെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്നതിനായി കാത്തിരിക്കും; അഭിനയ ലോകത്തേക്ക് തിരികെ എത്തിയ നടിയ്ക്ക് മഞ്ജുവിന്റെ അഭിവാദ്യം
എഡിറ്റര്‍
Saturday 25th February 2017 7:14pm


കൊച്ചി: പ്രതിസന്ധികളെ തരണം ചെയ്ത് അഭിനയത്തിലേക്ക് തിരികെയെത്തിയ നടിയ്ക്ക് അഭിനന്ദനവുമായി നടി മഞ്ജു വാര്യര്‍. ആക്രമണത്തിന് ഇരയായ നടി അഭിനയത്തിലേക്ക് തിരികെ വന്നത് മുറിവേല്‍ക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാന്‍ സാധിക്കുന്ന ശക്തമായ സന്ദേശമാണിതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മഞ്ജു തന്റെ അഭിനന്ദനം അറിയിച്ചത്.

ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ ആദരവോടെ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെട്ട മഞ്ജു യുവനടി ജീവിതത്തെ ജയിച്ച നായികയാണെന്നും പോസ്റ്റില്‍ കുറിക്കുന്നു. അതോടൊപ്പം അഭിനയ ലോകത്തേക്കു നടിയെ കൈപിടിച്ച് തിരികെ കൊണ്ടു വരുന്ന നടന്‍ പൃഥ്വിരാജിനേയും മഞ്ജു അഭിനന്ദിക്കുന്നു.

പൃഥ്വിയുടേയും കൂട്ടുകാരുടേയും സ്‌നേഹവലയത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്നും അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളേയും പോലെ താനും കാത്തിരിക്കുന്നതായും മഞ്ജു കുറിക്കുന്നു.


Also Read; സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്; ഇനി ഇതു ചെയ്യില്ല: പൃഥ്വിരാജ്


നേരത്തെ അഭിനയ രംഗത്തേക്ക് നടി തിരികെ എത്തുന്നുവെന്ന് നടന്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നടിയെത്തുമ്പോള്‍ മാധ്യമങ്ങള്‍ സംയമനം പാലിക്കണമെന്നും പൃഥ്വി പറഞ്ഞു.

സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും അതിനാല്‍ ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേല്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതല്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്‌നേഹ സംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു..

Advertisement