ന്യൂദല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ.കരുണാകരന്റെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ധനമന്ത്രി പ്രണാബ് മുഖര്‍ജി എന്നിവര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു.

ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു കെ കരുണാകരനെന്ന് ആഭ്യന്തരമന്ത്രി കോടിയേരി പറഞ്ഞു. പോലിസ് സേനയുടെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിച്ച ആഭ്യന്തരമന്ത്രി കൂടിയായിരുന്നു കെ കരുണാകരന്‍. കേരള സമൂഹത്തില്‍ നികത്താന്‍ പറ്റാത്ത വിടവാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ.കരുണാകരന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ അതികായനെയാണ് നഷ്ടമായതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തിന്റെ വികസനത്തിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ചന്ദ്രപ്പന്‍ അനുസ്മരിച്ചു.