കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയതായി സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ടി.പി സെന്‍കുമാറിനെതിരെ വനിത കമ്മീഷനില്‍ പരാതി നല്‍കുമെന്ന് വുമണ്‍ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി നടത്തിയ പരാമര്‍ശം ഞെട്ടിച്ചെന്നും ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നുവെന്നുവെന്നും സംഘടന വ്യക്തമാക്കി.
മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വനിതാ കമ്മിഷനെ സമീപിക്കുമെന്നും wcc വ്യക്തമാക്കി
സമകാലിക മലയാളം വാരികയുടെ അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍കോളില്‍ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്ന് വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് പൊലീസ് ഡിജിപിക്ക് കൈമാറിയത്.


Also readആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തി; സംഭാഷണം കൈവശമുണ്ട്; സമകാലിക മലയാളം വാരിക പത്രാധിപരുടെ വെളിപ്പെടുത്തല്‍


സ്ത്രീകളെ ആകമാനം അപമാനിക്കുന്ന വാക്കുകളും സെന്‍കുമാര്‍ ഉപയോഗിച്ചതായി വിശദീകരണത്തില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച റെക്കോഡുകള്‍ പരിശോധിക്കാം.സെന്‍കുമാറിന്റെ അറിവോടെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്തതെന്നും ആ സമയം മറ്റൊരു മാധ്യമപ്രവര്‍ത്തകനും അവിടെയുണ്ടായിരുന്നുവെന്നും സജി ജയിംസ് പൊലീസ് മേധാവിയെ വിശദീകരണത്തില്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ എഡിറ്റര്‍ സജി ജെയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപം അടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. എഡിറ്റ് ചെയ്യാത്ത ടേപ്പാണ് വാരിക ക്രൈം ബ്രാഞ്ചിന് നല്‍കിയത്. മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അതേസമയം താന്‍ പറയാത്ത കാര്യങ്ങളാണ് വാരികയില്‍ അച്ചടിച്ചുവന്നതെന്നും വിവാദമായ പരാമര്‍ശം അഭിമുഖത്തില്‍ നല്‍കിയിട്ടില്ലെന്നുമാണ് ബെഹ്റയ്ക്ക് നല്‍കിയ കത്തിലൂടെ സെന്‍കുമാര്‍ അറിയിച്ചത്.

വുമണ്‍ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

‘ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്. മലയാള ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങള്‍ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവ’ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും ംരര അഭ്യര്‍ത്ഥിക്കുന്നു. മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ wcc നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വനിതാ കമ്മിഷനെ സമീപിക്കും’