റശീദ് പുന്നശ്ശേരി

ദുബൈ: ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നാണ് യു എ ഇയെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ‘നാച്വറല്‍ ഹസാര്‍ഡ്‌സ്’ ഏജന്‍സി റിപ്പോര്‍ട്ട്. മ്യൂനിച്ച് റേ എന്ന അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ നാട്ടുകാരെ പരിഭ്രാന്തരാക്കി ഇന്‍ഷുറന്‍സ് പോളിസി മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രമാണോ പഠന റിപ്പോര്‍ട്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

ഏറ്റവും ശക്തമായ ഭൂകമ്പ സാധ്യതയുള്ള സോണ്‍-2 എം എം 7 പട്ടികയിലാണ് യു എ ഇയെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിഡില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ആദ്യമയാണ് ഇത്തരം പഠനങ്ങള്‍ നടത്തുന്നതെന്നും കമ്പനി പറയുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ മാസം ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ ചലനമെന്നോണം സോണ്‍ നാല് എം എം 9 എന്ന താരതമ്യേന അപകട സാധ്യത കുറഞ്ഞ ഭൂചലനമാണ് അവസാനമായി യു എ ഇയില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ അനുദിനം വളരുന്ന യു എ ഇയിലെ ഇന്‍ഷുറന്‍സ് വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിക്കാനാണ് ഇത്തരമൊരു പഠന റിപ്പോര്‍ട്ടെന്നാണ് ആരോപണം. 30 വര്‍ഷം മുമ്പ് മരുഭൂമി മാത്രമായിരുന്ന യു എ ഇയില്‍ പ്രകൃതി ക്ഷോഭങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പരിമിതിയുണ്ടായിരുന്നു.വര്‍ഷങ്ങള്‍ കൊണ്ട് യു എ ഇ ഏറെ മാറിയിട്ടുണ്ടെന്നാണ് മ്യൂനിച്ച് കമ്പനിയുടെ ജര്‍മന്‍ ഹെഡ് ക്വാട്ടേഴ്‌സ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്.