ഷിക്കാഗോ: അമേരിക്കയില്‍ ഷിക്കാഗോ നഗരപ്രാന്തത്തിലെ ഡെസ്‌പ്ലെയിന്‍സിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. കവിയൂര്‍ പൗവ്വത്തില്‍ പാസ്റ്റര്‍ പി.വൈ. ഫിലിപ്പോസ്(69), ഭാര്യ എലിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച യു.എസ് സമയം രാവിലെ പത്തിനാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ ഫയല്‍ഫോഴ്‌സാണ് രണ്ടാം നിലയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പുക ശ്വസിച്ചതാണ് മരണ കാരണമെന്ന് കരുതുന്നു. പോസ്റ്റുമോര്‍ട്ടം ഇന്നു നടത്തും.

ഷീബ എബ്രഹാം(കാനഡ), ഷീമ വര്‍ഗീസ്(ദോഹ), ഷൈനി ജോര്‍ജ്(ഷിക്കാഗോ),
ഷോണ്‍ ഫിലിപ്പ്(ഷിക്കാഗോ) എന്നിവരാണ് മക്കള്‍. ഫിലിപ്പ് എബ്രഹാം, വര്‍ഗീസ് ഈശോ, ബിജു ജോര്‍ജ്, കെസിയാ ഫിലിപ്പ് എന്നിവര്‍ മരുമക്കളാണ്.

ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായിരുന്ന പാസ്റ്റര്‍ ഫിലിപ്പോസ് 1994 ലാണ് ഷിക്കാഗോയില്‍ സ്ഥിരം താമസം തുടങ്ങിയത്. ഐ.പി.സി കുമ്പനാട് ഹൈബ്രോണ്‍ ബൈബിള്‍ കോളജില്‍ നിന്നും വൈദിക വിദ്യാഭ്യാസം നേടിയ ശേഷം ഐപിസിയുടെ പുത്തന്‍കാവ്, നിരണം സഭകളില്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചു. ഷിക്കാഗോയില്‍ എത്തിയ ശേഷം എലീം സഭയിലും പ്രവര്‍ത്തിച്ചിരുന്നു.