തിരുവനന്തപുരം: കോടികളുടെ ഇടപാടുകള്‍ നടക്കുന്ന ഐ പി എല്‍ ടീം ലേലത്തില്‍ ഇടനിലക്കാരനായ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തിന് ഐ പി എല്‍ ടീം ഉണ്ടാകുന്നത് സന്തോഷമാണ്. എന്നാല്‍, 1533 കോടി ചെലവഴിച്ച്് ടീം ലേലത്തിന് പിടിച്ച കസോര്‍ഷ്യത്തിന്റെ മുഖ്യകാര്‍മികനാകാന്‍ ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് എന്ത് വരുമാനമാണുള്ളതെന്ന് വെളിപ്പെടുത്തണം.

1500ലേറെ കോടി മുടക്കി ലേലത്തിന് പിടിച്ച ടീമിന്റെ ഉടമസ്ഥന്‍ താനാണെന്ന രീതിയിലാണ് ശശി തരൂരിന്റെ പ്രഖ്യാപനങ്ങള്‍. തിരഞ്ഞെടുപ്പ് സമയത്ത് ഔദ്യോഗികമായി വെളിപ്പെടുത്തിയ കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 20 കോടിയാണ്. ടീമിന്റെ നയപരമായ കാര്യങ്ങള്‍ പ്രഖ്യാപിച്ചത് തരൂരാണ്. ജനപ്രതിനിധിയും ഭരണാധികാരിയുമായ ഒരാള്‍ ഇത്തരം കച്ചവടത്തില്‍ പങ്കാളിയാകുന്നത് ജനാധിപത്യത്തിന് അപമാനവും ധാര്‍മികതക്ക് നിരക്കാത്തതുമാണ്. നാടിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട മന്ത്രി വന്‍കിട വ്യവസായത്തില്‍ പങ്കാളിയാകുന്നത് ആശങ്കാജനകമാണെന്നും ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു.