ചെന്നൈ: മുഖ്യമന്ത്രി കസേരയ്ക്കായി ശശികലയും പനീര്‍ശെല്‍വവും പിടിവലി നടത്തുന്ന തമിഴ് രാഷ്ട്രീയത്തിലെ പ്രതിസന്ധിയ്ക്ക് കാരണം രണ്ട് കേന്ദ്ര മന്ത്രിമാരാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ നാല് വര്‍ഷത്തെ തടവിന് വിധിച്ചതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സ്വാമി തയ്യാറായില്ല.

അവസരം വരുമ്പോള്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താം എന്നായിരുന്നു സ്വാമി പറഞ്ഞത്. ജയലളിതയ്ക്കും ശശികലയ്ക്കുമെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വാമിയായിരുന്നു. അതേസമയം തന്റെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പരാജയപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.