എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെ കുടിയേറ്റത്തെക്കുറിച്ചു പഠിപ്പിക്കല്‍ കാനഡയുടെ ഡ്യൂട്ടിയല്ല: ട്രംപിനെ അരികിലിരുത്തി മാധ്യമപ്രവര്‍ത്തകരോട് ട്രൂഡോ
എഡിറ്റര്‍
Tuesday 14th February 2017 4:18pm

വാഷിങ്ടണ്‍: കുടിയേറ്റത്തെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പഠിപ്പിക്കല്‍ കാനഡയുടെ ഡ്യൂട്ടിയല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യു.എസ് സന്ദര്‍ശനത്തിനിടെ ട്രംപുമായുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മറ്റൊരു രാജ്യത്തെത്തി അവിടുത്തെ ഭരണാധികാരിക്ക് എങ്ങനെ ഭരിക്കണമെന്ന് ഞാന്‍ ക്ലാസെടുത്തു കൊടുക്കണമെന്ന് കനേഡിയന്‍ ജനത ആഗ്രഹിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.

കനേഡിയന്‍സിന്റെ സമീപനം പ്രതിഫലിക്കുന്ന രീതിയില്‍ ഭരിക്കുകയെന്നതാണ് തന്റെ കര്‍ത്തവ്യമെന്നും അത് നിര്‍വഹിച്ചുകൊണ്ട് ലോകത്തിന് മാതൃകയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ലക്ഷ്യങ്ങളും സാമ്പത്തിക മേഖലയിലെ സഹകരണങ്ങളും എടുത്തുപറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം. എന്നാല്‍ സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള ഇരുവരുടെയും പ്രതികരണം രണ്ടു രാജ്യങ്ങളുടെയും നയങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു.

‘നമുക്ക് മനോഹരമായ വാതിലുകളുണ്ട്. പക്ഷെ തെറ്റായ ആളുകളെ പ്രവേശിപ്പിക്കാനാവില്ല.’ എന്നു പറഞ്ഞുകൊണ്ട് തന്റെ അഭയാര്‍ത്ഥി വിലക്കിനെ ന്യായീകരിക്കുകയാണ് ട്രംപ് ചെയ്തത്.

എന്നാല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുമെന്ന നിലപാടിലായിരുന്നു ട്രൂഡോ. നേരത്തെ ട്രംപ് യു.എസില്‍ മുസ്‌ലിങ്ങളെ വിലക്കിക്കൊണ്ട് ഉത്തരവിട്ടതിനു പിന്നാലെ തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപിനെതിരെ ട്രൂഡോ രംഗത്തുവന്നിരുന്നു.

‘തീവ്രവാദവും യുദ്ധവും അതിക്രമവും ഭയന്ന് ഓടിവരുന്നവരെ കനേഡിയന്‍സ് സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഏതു മതവിശ്വാസികളായാലും. നാനാത്വമാണ് ഞങ്ങളുടെ ശക്തി. കാനഡയിലേക്കു സ്വാഗതം’ എന്നു ട്വീറ്റു ചെയ്തുകൊണ്ടാണ് ട്രംപിന്റെ കുടിയേറ്റ നയത്തോടുള്ള അതൃപ്തി ട്രൂഡോ വ്യക്തമാക്കിയത്.

Advertisement