Administrator
Administrator
ഞാന്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റായില്ല
Administrator
Saturday 5th September 2009 11:51am

മേഴ്‌സി രവി

mercy-ravi1ഈചോദ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ തെളിഞ്ഞുവരുന്നത് പഴംപായില്‍ പൊതിഞ്ഞുകെട്ടി കൈവണ്ടിയില്‍ കൊണ്ടുപോകുന്ന ഒരു മൃതശരീരത്തിന്റെ ഇളകിയാടുന്ന ഇരു കാലുകളാണ്. പിന്നാലെ നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ടു പോകുന്ന മറിയപ്പെമ്പിള എന്ന അമ്മയുടെ മുഖവും. അവരുടെ പൊന്നുമകനാണ് തൂങ്ങിമരിച്ചത്. അതിനൊരു കഥയുണ്ട്. ഞങ്ങളുടെ വീടിന്റെ എതിര്‍വശത്ത് മറിയപ്പെമ്പിള്ക്ക് ഒരു ചാപ്രയുണ്ടായിരുന്നു. വിറകുവില്പനയായിരുന്നു അവരുടെ ജോലി. ഭര്‍ത്താവ് നേരത്തേ മരിച്ചു. രണ്ടുമക്കള്‍ ജോസഫും ആന്റണിയും. ജോസഫ് ഒരു പാവമായിരുന്നു. എന്നാല്‍ ആന്റണി ഒരു തല്ലുകൊള്ളിയായിരുന്നു. ആ തല്ലുകൊള്ളിവളര്‍ന്നു റൗഡിയായി. അവന്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന് എന്തൊക്കെയോ ആയി. മറിയപ്പെമ്പിള തിരക്കൊഴിയുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വരും. റൗഡിച്ചെറുക്കന്റെ കഥപറഞ്ഞ് കരയും ഏതോ കടയില്‍ കയറി കടക്കാരനെ കുത്തിപ്പിടിച്ചെന്നോ, പൈസ വാങ്ങിയെന്നോ, ഏതോ പെങ്കൊച്ചിനെ ഓടിച്ചിട്ടെന്നോ തുടങ്ങിയ കഥകള്‍.

ആന്റണിയെ അന്വേഷിച്ച് പോലീസ് ചാപ്രയില്‍ വന്നു തുടങ്ങി. എല്ലാ ദിവസവും വൈകുന്നേരം മറിയപ്പെമ്പിള വീട്ടില്‍ പോകും. പിന്നെ ചാപ്രയുടെ അധിപന്‍ ജോസഫായിരുന്നു. ഒരു ദിവസം ജോസഫിനെ പോലീസ് പിടിച്ചുകൊണ്ടുപോയി, രണ്ടുദിവസം കഴിഞ്ഞാണ് വിട്ടത്. തിരിച്ചുവന്നതിന്റെ അന്നു രാത്രി ജോസഫ് തൂങ്ങിമരിച്ചു.

കണ്ണമാലി ഔസേഫ് പുണ്യാളന്റെ പെരുന്നാള് പ്രമാണിച്ച് ഞങ്ങളുടെ വീട്ടില്‍ തിരുകുടുംബത്തിന് ഊട്ടുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഒരു പായസച്ചോറുണ്ട്. അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ആകര്‍ഷണം. സാധാരണ മറിയപ്പെമ്പിളയും കുടുംബവുമായിരുന്നു ഊട്ടിനെത്താറുള്ളത്. പക്ഷേ, ആ തവണ ഊട്ട് നടന്നില്ല. മറിയപ്പെമ്പിളയ്ക്ക് വാലായ്മയായിരുന്നു. ചാത്തത്തിനു മുമ്പേ തന്നെ പോലീസുകാരുടെ ശല്യം സഹിക്കവയ്യാതെ മറിയപ്പെമ്പിള കട വിറ്റുപെറുക്കി മലബാറിലെങ്ങോ കഴിയുന്ന സഹോദരന്റെയടുത്തേക്ക് പോകുകയും ചെയ്തു. അപ്പോഴേക്കും റൗഡി അന്തോണി വളര്‍ന്ന് കോമ്രേഡ് ആന്റണിയായി. എന്റെ ജീവിതത്തില്‍ കമ്യുണിസ്റ്റ് ഭീകരതയുടെ ആദ്യരക്തസാക്ഷിയായി ഞാന്‍ കാണുന്നത് ഈ മറിയപ്പെമ്പിളയെയാണ്.

ഇനി അങ്ങോട്ടുള്ള കാലഘട്ടം ആരേയും വിറപ്പിച്ചുകൊണ്ടുള്ള കോമ്രേഡ് ആന്റണി സ്വരാജാണ്. ഇപ്പോള്‍ എനിക്ക് തിരിച്ചറിവുണ്ട്. അതിനന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുത്ത പേരാണ് ‘സെല്‍ഭരണം’. ഈ സെല്‍ഭരണകാലത്ത് നാട്ടിന്‍പുറങ്ങളില്‍ നടന്ന അഴിമതിക്കും അക്രമത്തിനും കണക്കില്ലായിരുന്നു.

മേഴ്‌സി രവി എന്തുകൊണ്ട് കമ്യൂണിസ്റ്റായില്ല?

ചോദ്യകര്‍ത്താവിന്റെ ഈ ചോദ്യം ഞാന്‍ തിരുത്തുകയാണ്. എന്തുകൊണ്ട് ഞങ്ങളുടെ തലമുറ കമ്യൂണിസ്റ്റായില്ല.

ഓര്‍മയില്‍ പതിഞ്ഞുകിടക്കുന്ന ചില സംഭവങ്ങള്‍ മാത്രം ഞാനെടുത്ത് അവതരിപ്പിക്കുന്നു. ആ ചെറുപ്രായത്തില്‍ എന്നെപ്പോലൊരു പെണ്‍കുട്ടിക്ക് എന്ത് അറിവുണ്ടാകാനാണ്. പഠിക്കുന്നത് ആറാം ക്ലാസില്‍. ഞാന്‍ ക്ലാസ് മോണിട്ടര്‍ ആയിരുന്നു. ഞങ്ങളുടെ ക്ലാസ് രണ്ടാം നിലയില്‍ എറണാകുളം മാര്‍ക്കറ്റ് റോഡിന്റെ നേരെ നില്‍ക്കുന്നതായിരുന്നു. നാല് ജനലുകള്‍. ജനലില്‍ക്കൂടി പുറത്തേക്ക് നോക്കാന്‍ പാടില്ല എന്ന് കര്‍ക്കശമായ നിര്‍ദേശമുണ്ട്. ഇടവേള സമയത്ത് റോഡില്‍ പതിവില്ലാത്ത വലിയ ആരവം. കുറെ ആളുകള്‍ അലറി വിളിക്കുന്നു. എല്ലാവരും ജനലിന്റടുത്തേക്ക് ഓടി. ആദ്യമായി ചെവിയില്‍ പതിഞ്ഞമുദ്രാവാക്യം അവിടെ കേട്ടു വയലാര്‍രവി സിന്ദാബാദ്, കെ.എസ്.യു.സിന്ദാബാദ്, ചെറുപ്പക്കാരുടെ വലിയ ഒരു ജാഥ. ജാഥയുടെ മുന്നില്‍ ഒരാള്‍ കറുത്ത കുരിശു പിടിച്ചിരുന്നു. ആ കുരിശില്‍ അങ്ങിങ്ങായി രക്തം പറ്റിയ ഒരു തുണിയുമുണ്ടായിരുന്നു. ഒന്നും മനസ്സിലായില്ല. ബെല്ലടിച്ചതറിഞ്ഞില്ല. ക്ലാസ് ടീച്ചര്‍ വരുമ്പോള്‍ കാണുന്ന കാഴ്ച കുട്ടികള്‍ ജനലില്‍ക്കൂടി പുറത്തേക്ക് നോക്കിനി’ുന്നതാണ്. വിവരം ഓഫീസിലെത്തി. ഹെഡ്മിസ്ട്രസ്സും രണ്ടുമൂന്നു സിസ്‌റ്റേഴ്‌സും ക്ലാസ് റൂമില്‍ എത്തി. ഞങ്ങളെ അപ്പോഴേക്കും ബെഞ്ചിന്റെ മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നു. ശിക്ഷയുടെ ഭാഗമായുള്ള ആദ്യത്തെ അടി മോണിട്ടര്‍ക്കായിരുന്നു. ഓരോ കൈയിലും ഈ രണ്ട് അടികള്‍. പിന്നെ ഹെഡ്മിസ്ട്രസ്സ് പറഞ്ഞു ‘ മോണിട്ടര്‍ അല്ലെ മാതൃകയാകേണ്ടവള്‍. രണ്ടടി കൂടുതല്‍ കൊടുത്തേര്”. അന്നുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്കുവേണ്ടി ജീവിതത്തിലാദ്യമായി ഞാന്‍ അടി വാങ്ങി. ആ അടിയോടൊപ്പം വയലാര്‍രവിയും കെ.എസ്.യു.വും എന്റെ മനസ്സില്‍പതിഞ്ഞു. ഞാന്‍ വീട്ടില്‍ എത്തുന്നതിനു മുമ്പ് തന്നെ സ്‌പെഷല്‍ അടിയുടെ വിവരം വീട്ടില്‍ എത്തിയിരുന്നു.

അക്കാലത്ത് അമ്മയുടെ സഹോദരന്റെ മകന്‍ ജോയിച്ചേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ നിന്നാണ് കോളേജില്‍ പഠിക്കാന്‍ പോയിരുന്നത്. ജോയിച്ചേട്ടനാണ് സമരത്തിന്റെ വിവരങ്ങള്‍ പറഞ്ഞുതന്നത്. പുതിയ കമ്യൂണിസ്റ്റ് ഭരണം വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ബോട്ടുകൂലിയും ബസ് കൂലിയും കൂട്ടി. അന്നുവരെ വിദ്യാര്‍ഥികളുടെ യാത്രക്കൂലി ഒരണയായിരുന്നു. പലയിടത്തും വിദ്യാര്‍ഥികള്‍ സമരങ്ങള്‍ നടത്തി. പോലീസ് അവരെ ഭയങ്കരമായി അടിച്ചൊതുക്കുവാന്‍ ശ്രമിച്ചു. കെ.എസ്.യു. എന്ന പ്രസ്ഥാനത്തിന്റെ പേരില്‍ വയലാര്‍ രവിയാണ് സമരത്തിന്റെ നായകന്മാരിലൊരാള്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നോ ഇല്ലെന്നോ അദ്ദേഹത്തെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോയെന്നോ ഉള്ള കഥകള്‍ ജോയിച്ചേട്ടന്‍ പറഞ്ഞ് ഞങ്ങളുടെയൊക്കെ മനസ്സില്‍ വയലാര്‍ രവി ഒരു ഹീറോ ആയി. കേരളം കണ്ട ആദ്യത്തെ വിദ്യാര്‍ഥി സമരമായിരുന്നു അത്. ഇന്നും മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. ഇന്നത്തെപ്പോലെ ദൃശ്യമാധ്യമം അന്നില്ല. വാമൊഴിയായാണ് കാര്യങ്ങള്‍ അറിഞ്ഞിരുന്നത്.

ഒരു ദിവസം ജോയിച്ചേട്ടന്‍ കോളേജില്‍നിന്നും തിരികെ വന്നില്ല. ഓരോദിവസം ഓരോ കോളേജില്‍നിന്നും കുട്ടികള്‍ അറസ്റ്റ് വരിക്കാന്‍ പോകുമായിരുന്നു. ഉച്ചയാകുമ്പോള്‍ അറസ്റ്റ് ചെയ്തവരെ പറഞ്ഞുവിടുകയായിരുന്നു പതിവ്. സമാധാനപരമായി നടത്തിയിരുന്ന അറസ്റ്റിന് എന്തോ കുഴപ്പം സംഭവിച്ചു. കുട്ടികളെ റിമാന്‍ഡ് ചെയ്തു. കോളേജില്‍ അന്വേഷിച്ചപ്പോള്‍ വിവരം അറിഞ്ഞ് ഞങ്ങളുടെ വീട്ടില്‍ വലിയ ബഹളമായി. അന്ന് കാറും ഫോണും ഇല്ലാതിരുന്ന സമയം.അമ്മയുടെ വീട്ടില്‍ ആള് പോയി, വിവരമറിയിക്കാന്‍. രാവിലെ ഞാന്‍ കാണുന്നത് അമ്മയുടെ ആങ്ങളമാര്‍ എല്ലാം വീട്ടില്‍ എത്തിയിരിക്കുകയാണ്. ജോയിച്ചേട്ടനെ ജാമ്യത്തില്‍ ഇറക്കി. ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വീടിന്റെ പൂമുഖത്തേക്ക് കയറിയപ്പോള്‍ ജോയിച്ചേട്ടന്റെ അപ്പന്‍ മകന്റെ കരണത്തടിച്ചു. മതി പഠിത്തം. തിരിച്ചുപോകാം. എന്റെ അപ്പന്‍ ഇടപെട്ടു. ജോയിച്ചേട്ടന്‍ അടികൊള്ളുന്നത് കണ്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. എന്റെ ചെവിക്കുപിടിച്ചുതിരിച്ച് അമ്മ വീട്ടിനകത്തേക്ക്കയറ്റി പറഞ്ഞു. ”എന്താടി നിനക്കും സമരത്തിനു പോണോ? ”അടുക്കളയില്‍നിന്ന് എത്തിനോക്കിനിന്നിരുന്ന അടുക്കളക്കാരി അമ്മയോടു പറഞ്ഞു ”പുള്ളാര്‍ക്ക് പരൂഷ എഴുതാന്‍ പോണോങ്കി ബസ്സുകാശ് തോനയാകും”. അമ്മ ദേഷ്യത്തോടെ പറഞ്ഞു കൊച്ചുത്രേസ്യ അകത്തേക്കുപോ.

നിരപരാധികളായ വിദ്യാര്‍ഥിസമൂഹം അടിവാങ്ങുന്ന അവസ്ഥ. ഇതിനിടയില്‍ അന്നമ്മ എന്നൊരു വിദ്യാര്‍ഥിനി രക്തസാക്ഷിയായി. കേരളത്തിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിച്ച അന്നമ്മയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍. അന്നമ്മയും കൂട്ടരുമാണ് എന്റെ രണ്ടാമത്തെ അനുഭവം.

എന്തെങ്കിലും ചെയ്യണമെന്നുള്ള ഒരു വാശി അന്ന് മനസ്സില്‍ കയറിക്കൂടി. അങ്ങനെ ആ ചെറുപ്രായത്തില്‍ എനിക്ക് യാതൊരു എത്തും പിടിയുമില്ലാത്ത ഒരു പ്രസ്ഥാനത്തിനെതിരെയുള്ള വെറുപ്പും ഉള്ളിലൊതുക്കി ഞാന്‍ നടന്നു. അങ്ങനെയിരിക്കെ ഒരുദിവസം ഒരു ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ സെമിത്തേരിയിലേക്ക്‌പോയി. ബാനര്‍ജി റോഡ് കടന്നുവേണം പോകാന്‍. തിരിച്ചുവരുമ്പോള്‍ ചുവന്ന കുപ്പായവും ചുവന്ന കൊടിയുമായി ആയിരങ്ങള്‍ മാര്‍ച്ച് ചെയ്യുന്നു. കുറെ മണിക്കൂറുകള്‍ കടന്നപ്പോള്‍ റോഡിന്റെ സൈഡിലുള്ള കുഞ്ഞമ്മായിയുടെ വീട്ടിലേക്ക് അമ്മ ഞങ്ങളെ കൊണ്ടുപോയി. നേരം ഏറെ പുലര്‍ന്നശേഷമാണ് ഡോക്ടര്‍ അങ്കിള്‍ ഞങ്ങളെ അവിടുന്ന് വിട്ടത്. അങ്കിള്‍ അമ്മയോടുപറഞ്ഞു. ”ദുഷ്ടക്കൂട്ടങ്ങള്‍ ഇപ്പോഴും ഒന്നും ഒറ്റയുമായി റോഡില്‍ അലയുന്നുണ്ട് ”. ഈ ചുവന്ന കടല്‍ കണ്ടപ്പോള്‍ ഒന്നെനിക്കു മനസ്സിലായി. ഒറ്റയ്ക്ക് ഒരു പ്രതികാരവുംനടക്കില്ലായെന്ന്. പിന്നെ വീട്ടിലെ അടക്കംപറച്ചിലുകള്‍ കൂടി. അരിക്കുപകരം ഞങ്ങളുടെയൊക്കെ വീടുകളില്‍ മക്രോണിയെത്തി. അതിനെ പുഴുങ്ങിപ്പൊടിച്ചരച്ച്. പക്ഷേ, മക്രോണി ഒന്നിനും വഴങ്ങിയില്ല. വീട്ടിലെ പശുപോലും അത് ഉപേക്ഷിച്ചു. അക്കാലത്താണ് രാജന്റെ ഭഗവാന്‍ മക്രോണി എന്ന കഥാപ്രസംഗം ഇറങ്ങിയത്. അതിലെ രണ്ട് വരികള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ‘ചാത്തന്‍മാഷ് വരുന്നുണ്ടുമോളേ പത്താഴത്തില്‍ ഒളിച്ചോമോളെ”.

നാട്ടിന്‍പുറങ്ങളിലാകെ അക്രമങ്ങള്‍ ഏറി. മാളയില്‍നിന്നും എടത്വയില്‍നിന്നും വരുന്നവര്‍ക്കൊക്കെ പറയാന്‍ ഒരുപാടുകഥകള്‍ ഉണ്ടായിരുന്നു. വീടുകളില്‍ കയറി ബലമായി തേങ്ങയിടുക, കുരുമുളകുപറിക്കുക, അങ്ങനെ നീളുന്നു. ഇടയ്ക്ക് ബലാത്സംഗക്കഥകളും വീടാക്രമണത്തിന്റെ കഥകളുമൊക്കെ പുറത്തുവരാന്‍തുടങ്ങി. സഖാക്കളെ പേടിച്ച് ആളുകള്‍ക്ക് നാട്ടിന്‍പുറങ്ങളില്‍ ഇറങ്ങി നടക്കാന്‍ ഭയമായിത്തുടങ്ങി. ഇക്കാലത്ത് പള്ളികളുടെ നേരെയും അക്രമങ്ങള്‍ നടന്നു. അതോടുകൂടി പള്ളി സംരക്ഷണസേനയുണ്ടായി. ഞാന്‍ ഇന്നും ഓര്‍ക്കുന്നു, എന്റെ രണ്ടാമത്തെ സഹോദരനായിരുന്നു ഞങ്ങളുടെ പള്ളിസംരക്ഷണസേനയുടെ വളന്റിയര്‍ ക്യാപ്റ്റന്‍. അതോടുകൂടി റൗഡി ആന്റണിയുടെ ശ്രദ്ധ ഞങ്ങളുടെ നേര്‍ക്കുതിരിഞ്ഞു.

ഈ സമയത്താണ് അങ്കമാലിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. വെടിവെപ്പ് എന്തിനാണെന്നെനിക്കറിയില്ലായിരുന്നു. ഒരു സംഭ്രമജനകമായ വാര്‍ത്ത എന്നനിലയില്‍ സഹോദരന്‍ പറഞ്ഞു ഏഴുപേര്‍ പോയി. ഇന്ന് അങ്കമാലിയിലാണെങ്കില്‍ നാളെ എറണാകുളം. ചേട്ടന്റെ മുഖത്തു നല്ല പേടിയുണ്ടായിരുന്നു.

അന്ന് ഞാനൊരു തീരുമാനമെടുത്തു. ബാലിശമായ തീരുമാനം. ഈ ആന്റണിയെ കൈയില്‍ക്കിട്ടിയാല്‍ കൊല്ലണം. എങ്ങനെ കൊല്ലണം എന്നതിനെക്കുറിച്ച് ഞാന്‍ കുറെ സ്വപ്‌നങ്ങള്‍ കണ്ടു. വെടിവെപ്പിന്റെ പിറ്റേദിവസം ശവശരീരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം എറണാകുളത്തു പള്ളിയില്‍ കൊണ്ടുവന്നു. അവിടെ ഒപ്പീസും പ്രാര്‍ഥനയുമുണ്ടായിരുന്നു. വെള്ള സാറ്റിന്‍ കൊണ്ടുമൂടിയ ഏഴു ലോറികള്‍, മുല്ലപ്പൂമാലകൊണ്ട് അലങ്കരിച്ചിരുന്നു. ജാഥയുടെ മുന്നിലായി ആളുകള്‍ കൂട്ടം കൂടി നിറഞ്ഞു. മൈക്കിലൂടെ മുദ്രാവാക്യം വിളി ”അങ്കമാലി ക്കല്ലറയില്‍ ഞങ്ങളുടെ സോദരരാണെങ്കില്‍ കല്ലറയാണേ കട്ടായം പകരം ഞങ്ങള്‍ ചോദിക്കും”. വഴിയില്‍നിന്ന ജനം ഇതേറ്റുപാടി. മുദ്രാവാക്യത്തിന്റെ താളവും അതിന്റെ സംഗീതവും എല്ലാവരുടെയും കണ്ണുകള്‍ നനയിച്ചു. എല്ലാ സമരങ്ങള്‍ക്കും എതിരായിരുന്ന എന്റെ അമ്മ ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തു പിടിച്ചു നിന്നു കരഞ്ഞു കൊണ്ടു പറഞ്ഞു. ”ഏഴ് അമ്മമാര്‍ക്ക് പോയില്ലേ. ഈ സംഭവത്തിനുശേഷം ഞങ്ങളുടെ വീട്ടില്‍ പുതിയ തീരുമാനമുണ്ടായി. നാട്ടില്‍ എന്തും നടക്കും എന്നുള്ള ഈ കാലത്ത് പെണ്ണുങ്ങളെ വീട്ടില്‍ നിറുത്തേണ്ട എന്ന് ” റൗഡി അന്തോണിയുടെ കൈക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ദൂരത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ഇങ്ങനെ ദൂരങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്ത അമ്മമാരും സഹോദരിമാരുമൊക്കെ സന്ധ്യയാകുമ്പോള്‍ പള്ളികളില്‍ കൂടാന്‍ തുടങ്ങി. ഞങ്ങള്‍ ചെന്നെത്തിയത് ചേച്ചിയുടെ വീട്ടിലേക്കാണ്. ചേട്ടന്‍ ഞങ്ങള്‍ ചെല്ലുമ്പോഴേക്കും ജയിലിലാണ്. ചേച്ചിയാണെങ്കില്‍ ജനലും വാതിലുമടച്ച് രാത്രിയാകുമ്പോള്‍ വെടിക്കാരന്റെ തോക്കും പേടിച്ചിരിപ്പാണ്. പകലുപോലും ഞങ്ങള്‍ പതുക്കെയേ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നുള്ളൂ. നാട്ടിന്‍പുറങ്ങളില്‍ പിടിച്ചുപറിയും ബലാത്സംഗവും നിത്യസംഭവങ്ങളായി മാറി. ഇതായിരുന്നു ശരാശരി നാടിന്റെ അവസ്ഥ.

അക്കാലത്താണ് ദൂരെ തെക്കുനിന്ന് വെടിവെപ്പിന്റെ കഥ എത്തുന്നത്. അവിടെ കടപ്പുറത്ത് പോലീസ് നടത്തിയ വെടിവെപ്പില്‍ ഫ്‌ളോറി എന്നൊരു ഗര്‍ഭിണി മരിച്ചു. ഇതോടുകൂടി ഭീതിയുടെ അന്തരീക്ഷം എങ്ങും പടര്‍ന്നു.

കേരള ജനത ഒറ്റ ശബ്ദത്തില്‍ പാടി ”തെക്കു തെക്കൊരു ദേശത്ത് തിരമാലകളുടെ തീരത്ത് ഫേഌറിയെന്നൊരു ഗര്‍ഭിണിയെ വെടിവച്ചുകൊന്ന സര്‍ക്കാറേ പകരം ഞങ്ങള്‍ ചോദിക്കും.’

ഈ നാടിനെ കമ്യൂണിസ്റ്റുകാരന്റെ കൈയില്‍നിന്ന് മോചിപ്പിക്കുകയെന്നതായിരുന്നു വിമോചനസമരലക്ഷ്യം. ദിവസങ്ങള്‍ മുന്നോട്ടുപോയി. നാട്ടിന്‍പുറങ്ങളിലെ ഭീകരാന്തരീക്ഷം തുടര്‍ന്നു. പള്ളിയോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളും ഏറ്റെടുക്കുകയെന്ന തീരുമാനമുണ്ടായി. അതോടുകൂടി കാര്യങ്ങള്‍ തിരിഞ്ഞു. ഇക്കാലമത്രയും ഈ സമരത്തിന് ഒരു കോണ്‍ഗ്രസ് നിറമുണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് മന്നത്ത് പത്മനാഭന്റെ രഥയാത്രതുടങ്ങിയതും കോണ്‍ഗ്രസ് നിറം വിമോചനസമരത്തിനുകിട്ടിയതും. ഇത് ജനങ്ങളുടെ സമരമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ അഴിമതിയും അക്രമവും പിടിച്ചുപറിയും നടത്തിയ സെല്‍ ഭരണത്തിന് എതിരെയുള്ള സമരം. പഴയ സെല്‍ ഭരണത്തിന്റെ പുതിയ മുഖമാണ് ഇപ്പോള്‍ കാണുന്ന മാഫിയകള്‍ . ഇന്ന് പിടിച്ചുപറിയും അക്രമങ്ങളുമൊക്കെ മാഫിയകളുടെ കുത്തകയാണ്. ഈ അക്രമത്തില്‍ രണ്ടു വയസ്സുകാരിയും 79 വയസ്സുകാരിയും ബലാത്സംഗം ചെയ്യപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. സന്ധ്യകഴിഞ്ഞാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. സെല്‍ ഭരണകാലത്ത് ഒരു കോമ്രേഡ് ആന്റണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ ധാരാളം സഖാക്കള്‍ നാടുഭരിക്കുന്ന അവസ്ഥ.

അന്ന് വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി മാഷായിരുന്നെങ്കില്‍ ഇന്ന് പാഠപുസ്തകങ്ങള്‍ തിരുത്തി മതമില്ലാത്ത മനുഷ്യരെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന എം. എ. ബേബിയാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്.

70 വര്‍ഷങ്ങള്‍ക്കുശേഷം ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഒക്കെ വന്നകാലത്ത് അതുവരെ അടിച്ചമര്‍ത്തിയിരുന്ന അര്‍മീനിയന്‍ ചര്‍ച്ചുകളാണ് ആദ്യം പുനര്‍ജനിച്ചത്. അന്നുവരെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പഠിപ്പിച്ചിരുന്നത് . ഇതിന്റെ ഭാഷാന്തരമാണ് ബേബിയുടെ മതമില്ലാത്ത മനുഷ്യന്‍.

ഈയിടെ ഞാന്‍ ചൈനയില്‍ ചെന്നപ്പോള്‍ കള്‍ച്ചറല്‍ റെവലൂഷനെ അതിജീവിച്ചുകൊണ്ട് സെന്റ്‌ജോസഫ് കത്തീഡ്രല്‍ നില്‍ക്കുന്നത് കണ്ടു. 15ാം നൂറ്റാണ്ടില്‍ പണിത ഒരു പള്ളിയാണിത്. അവിടെ എല്ലാ ദിവസവും കുര്‍ബാനയുണ്ട്. പുറത്ത് കുട്ടികള്‍ പിയാനോ വായിച്ച് ക്വയര്‍ പാടുന്നു. വളരെ വൈകിയാണെങ്കിലും ഈ സത്യങ്ങള്‍ ബേബി ഓര്‍ക്കുന്നത് നല്ലതാണ്.

അന്നത്തെ ആഭ്യന്തരമന്ത്രി കൃഷ്ണയ്യര്‍ ആയിരുന്നെങ്കില്‍ ഇന്നത് കോടിയേരിയാണ്. അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ നടക്കുന്ന അക്രമങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ക്കൂടി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. വന്ദ്യവയോധികനായ ഒരു പാര്‍ട്ടിനേതാവ് മുണ്ടു മടക്കിക്കുത്തി പോലീസ്‌റ്റേഷനില്‍ കയറി ഒരു വനിതാ പ്രതിയെ ഇറക്കി കൊണ്ടു പോകുന്ന കാഴ്ച നമ്മള്‍ കണ്ടു. ചങ്ങനാശ്ശേരിയിലാകട്ടെ ഒരുപാവം എസ്.ഐ.യെത്തന്നെ സഖാക്കള്‍ കൈകാര്യം ചെയ്യുന്നതും നമ്മള്‍ കണ്ടു. അങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്ത കഥകള്‍. ഈ ഭരണത്തിന്‍ കീഴില്‍ ജീവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് രണ്ടാം വിമോചനസമരമെന്ന മുദ്രാവാക്യം ഉയര്‍ന്നത്. ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് അവര്‍ക്കാദ്യം വീണുകിട്ടിയ അവസരം ഉപയോഗിച്ചു. അതാണ് പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവന്ന പരാജയകാരണം.

മേഴ്‌സി രവിയുടെ തലമുറ എന്തുകൊണ്ട് കമ്യൂണിസ്റ്റായില്ല ?

ഗാന്ധിജിയെയും നെഹ്രുവിനെയും കണ്ട് കോണ്‍ഗ്രസ്സായവരല്ല ഞങ്ങള്‍. ഞങ്ങളുടെയൊക്കെ ചുറ്റുവട്ടത്തുനടന്ന അക്രമങ്ങളും പിടിച്ചുപറിയുമൊക്കെ കണ്ട് അമര്‍ഷവും പ്രതിഷേധവും ഉള്ളിലൊതുക്കി നിസ്സഹായമായി നോക്കിനില്‍ക്കേണ്ട ഒരവസ്ഥയിലാണ് ഞങ്ങളുടെ തലമുറ കോണ്‍ഗ്രസ്സായത്. അന്നത്തെ 13 വയസ്സുകാരിയുടെ നിസ്സഹായാവസ്ഥയിലാണ് ഇന്നത്തെ തലമുറ എത്തിനില്‍ക്കുന്നത്. ഇവര്‍ക്കെങ്ങനെ പ്രതികരിക്കാന്‍ കഴിയും?

കടപ്പാട്: മാതൃഭൂമി 1 ജുലൈ 2009

Advertisement