Categories

ജാമിഅ മില്ലിയ്യ വൈസ് ചാന്‍സലറായി റിലയന്‍സ് മേധാവി

jamia-millia-rwന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള റിലയന്‍സ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും കൈപ്പിടിയിലാക്കുന്നു. ഇതിന് മുന്നോടിയായി പ്രശസ്തമായ ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സലറായി റിലയന്‍സ് ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാന്‍ തീരുമാനമായി. നിലവിലെ വൈന്‍സ് ചാന്‍സലര്‍ ചരിത്രകാരനായ മുശീറുല്‍ ഹസന്റെ പിന്‍ഗാമിയായാണ് വ്യവസായ പാരമ്പര്യമുള്ള നജീബ് ജംഗിനെ നിയമിക്കുന്നത്. ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവില്‍ നജീബ് ജംഗിനെ നിയമിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ ശിപാര്‍ശ ചെയ്തു.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന നജീബ് ജംഗ് 1995ല്‍ ഐ.എ.എസ് രാജിവെച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ ഊര്‍ജമേഖലയില്‍ ഗവേഷണം നടത്തിയ ജംഗ്, ലണ്ടനില്‍ റിലയന്‍സ് ഫണ്ട് ചെയ്യുന്ന ഊര്‍ജഗവേഷണ ഫൗണ്ടേഷന്റെ ഡയറക്ടറായിരുന്നു. ലണ്ടനില്‍നിന്ന് തിരിച്ചുവന്ന ശേഷം റിലയന്‍സ് ഗ്ലോബല്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തിടെ ഒ.എന്‍.ജി.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ പദവികളിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എ.ഡി.ബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ജംഗിന്റെ സഹോദരങ്ങളിലൊരാള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയാണ്.

വൈസ്ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ മുശീറുല്‍ ഹസന്‍ നടത്തിയ നീക്കങ്ങള്‍ മറികടന്നാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുകേഷ് അംബാനിയുടെ അടുത്തയാളെ യു.പി.എ നിയമിക്കുന്നത്. മാനവ വിഭവശേഷി വികസനമന്ത്രാലയം പരിഗണിച്ച അന്തിമപാനലില്‍ ഇരുവരെയും കൂടാതെ ബീഹാര്‍ ആഭ്യന്തരസെക്രട്ടറി അഫ്‌സല്‍ അമാനുല്ലയാണുണ്ടായിരുന്നത്.

മുന്‍ മാനവ വിഭവശേഷി വികസനമന്ത്രി അര്‍ജുന്‍സിംഗുമായി അടുത്ത ബന്ധമുണ്ടായിരുന്ന മുശീറുല്‍ ഹസനുവേണ്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും മാനവ വിഭവശേഷി മന്ത്രിക്കും താല്‍പര്യം നജീബ് ജംഗിനെ ആയിരുന്നു.

നേരത്തെ വിവാദമായ ജാമിഅ മില്ലിയ്യ ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് വി.സി മുശീറുല്‍ ഹസന്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കോടതിയില്‍ പോയത് വിമര്‍ശന വിധേയമായിരുന്നു. നിരപരാധികളായ വിദ്യാര്‍ഥികളെ തീവ്രവാദികളാണെന്നാരോപിച്ച് പോലീസ് കൊലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം നല്‍കിയ ഹരജി.

മാറിവരുന്ന കേന്ദ്ര സര്‍ക്കാറുകളില്‍ റിലയന്‍സ് കമ്പനികളെ ചെലുത്തുന്ന സ്വാധീനം നേരത്തെ വാര്‍ത്തയായിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ വരെ ഇത്തരം വന്‍കിട കമ്പനികള്‍ക്ക് കഴിയുമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് വൈസ് ചാന്‍സലറായി റിലയന്‍സ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.