കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ചു കൊണ്ട് ലേഖനമെഴുതിയ സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ മകന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകന്‍ റോണ്‍ ബാസ്റ്റ്യന്‍  രംഗത്തെത്തിയത്.

‘2017 സെപ്റ്റംബര്‍ 10 ന് സൗത്ത് ലൈവില്‍ ചീഫ് എഡിറ്റര്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു.’ എന്നായിരുന്നു റോണിന്റെ പോസ്റ്റ്. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള അംഗങ്ങളുള്‍പ്പെടെ റോണിനെ അനുകൂലിച്ച് കമന്റുകള്‍ എഴുതിയിട്ടുണ്ട്. സംവിധായകന്‍ ആഷിഖ് അബുവും റോണിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തി.


Also Read:  ‘ഒരിക്കല്‍ പോലും കൊല്ലപ്പെടുമെന്ന ഭയം തോന്നിയിരുന്നില്ല’; ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍


മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ് ലേഖനത്തില്‍ സെബാസ്റ്റിയന്‍ പോള്‍ അഭിപ്രായപ്പെട്ടത്.

‘സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടിലായിരുന്നു സെബ്സ്റ്റിയന്‍ പോളിന്റെ ലേഖനം

അതേ സമയം ലേഖനത്തിനെതിരെ സൗത്ത്ലൈവ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

മഅദ്നിയുമായും പരപ്പനങ്ങാടിയിലെ സക്കറിയുമായും ദിലീപിനെ താരതമ്യം ചെയ്തുള്ള ലേഖനം അവരെയും ഈനാട്ടില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ആയിരങ്ങളെയും യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നതാണെന്നും ഭൂപേഷിനെ കൂടാതെ സ്ഥാപനത്തിലെ മറ്റുമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മനീഷ് നാരായണന്‍, സതിരാജ് എന്നിവരും പറഞ്ഞിരുന്നു.