Categories

ചന്ദ്രയാന്‍ ഒന്നിന് അകാല അന്ത്യം

chandrayaan-1ബാംഗ്ലൂര്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ഉപഗ്രഹമായ ചന്ദ്രയാന്‍ ഒന്നിന് അകാല പര്യവസാനം. ചന്ദ്രയാനുമായുള്ള ബന്ധം നഷ്ടമായ സാഹചര്യത്തില്‍ ദൗത്യം അവസാനിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭ്രമണത്തിനിടെ ഉപഗ്രവുമായുള്ള റേഡിയോ ബന്ധം പുലര്‍ച്ചെ 1.30 ഓടെ വിച്ഛേദിക്കപ്പെട്ടിരുന്നു. ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍ എം.അണ്ണാദുരൈ ദൗത്യം അവസാനിക്കുകയാണെന്ന് അറിയിച്ചു.

ബാംഗ്ലൂരിനു സമീപം ബ്യാലലുവില്‍ സ്ഥാപിച്ചിരുന്ന ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലാണ് ചന്ദ്രയാന്‍ ഒന്നില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിരുന്നത്. പുലര്‍ച്ച 12.25 നാണ് ചന്ദ്രയാനില്‍ നിന്നുള്ള അവസാന സിഗ്നലുകള്‍ ലഭിച്ചത്. ഈ സിഗ്നലുകള്‍ പരിശോധിച്ച് ചന്ദ്രയാനിന്റെ സ്ഥാനം കണ്ടെത്താനും ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനും ശ്രമം നടത്തിയിരുന്നു. ഇത് വിജയിക്കാത്തതിനെ തുടര്‍ന്ന് ദൗത്യം അവസാനിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിക്കുകയായിരുന്നു.

2008 ഒക്‌ടോബര്‍ 22 നാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ സതീശ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ ഒന്നിലൂടെ രണ്ടു വര്‍ഷത്തെ ദൗത്യമായിരുന്നു ഐ.എസ്.ആര്‍ ഒ ലക്ഷ്യമിട്ടത്. എന്നാല്‍ 312 ദിവസത്തെ സേവനമേ ചാന്ദ്രയാനില്‍ നിന്ന് ലഭിച്ചുള്ളൂ. ഇതിനകം തന്നെ പദ്ധതിയുടെ ലക്ഷ്യത്തില്‍ 95ശതമാനം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. വിക്ഷേപിച്ച് അധികം വൈകാതെ തന്നെ ഉപഗ്രഹത്തിലെ 12 പേലോഡുകളില്‍ നിന്ന് വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചിരുന്നു. ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്ത പക്ഷം ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ പെട്ട് ഉപഗ്രഹം ചന്ദ്രനില്‍ തന്ന ഇടിച്ചിറങ്ങാനാണ് സാധ്യതയെന്നും ശാസ്ത്രജഞര്‍ പറഞ്ഞു.

ആറ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളതുള്‍പ്പെടെ 11 വ്യത്യസ്ത ഉപകരണങ്ങളാണ് ചാന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്നത്. ഭ്രമണപഥത്തില്‍ 312 ദിവസവും ചന്ദ്രന് ചുറ്റും 3400 പ്രദക്ഷിണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ടെറയ്ന്‍ മാപ്പിങ് കാമറ, ഹൈപര്‍ സ്‌പെക്റ്ററല്‍ ഇമേജര്‍, മൂണ്‍ മിനറലോളജി മാപ്പര്‍ എന്നിവ ഉപയോഗിച്ചു കാര്യമായ വിവരശേഖരം നടത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ചന്ദ്രോപരിതലത്തിലെ പര്‍വതങ്ങളുടെയും ഗര്‍ത്തങ്ങളുടെയും എഴുപതിനായിരത്തിലധികം ചിത്രങ്ങള്‍ ചന്ദ്രയാന്‍ അയച്ചതായി ഐ.എസ്.ആര്‍.ഒ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഏപ്രില്‍ 26ന് പേടകത്തിന്റെ നക്ഷത്ര സെന്‍സറും ബസ് മാനേജ്‌മെന്റ് യൂനിറ്റുകളിലൊന്നും പ്രവര്‍ത്തനരഹിതമായത് ചന്ദ്രയാന്‍-1ന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.