Categories

പിണറായിയുടെത് വ്യക്തിപരമായ നിലപാട്: കെ.സി.ബി.സി

കോഴിക്കോട്: ക്രൈസ്തവ സഭകളുമായി ചര്‍ച്ചയാകാമെന്ന സി.പി.ഐ സെക്രട്ടറി സി.കെ ചന്ദ്രപ്പന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് കെ.സി.ബി.സി. ചന്ദ്രപ്പന്‍ നിലപാടില്‍ ഉറച്ച് നിന്നാല്‍ ക്രിയാത്മകമായി സഹകരിക്കുമെന്ന് കെ.സി.ബി.സി അധ്യക്ഷന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.പിണറായി വിജയന്റെ സഭാ വിരുദ്ധ നിലപാട് വ്യക്തിപരമായ നിലപാടാണെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ പൊതുവായ നിലപാട് ഇതാണോയെന്ന് സംശയമുണ്ട്.

സഭയുടെ ഇടയ ലേഖനങ്ങളിലൂടെയുള്ള ഇടപെടല്‍ ഇനിയും തുടരും. ഇടയ ലേഖനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല. മുറിവേല്‍പ്പിക്കുന്ന ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് സമൂഹത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ത്യാവിഷന്‍ മുഖാമുഖം പരിപാടിയിലാണ് കെ.സി.ബി.സി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.

ആശയ വ്യത്യാസം നിലനില്‍ക്കുമ്പോഴും കേരളത്തില്‍ ക്മ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഭയും പഴയ കാലത്ത് നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. മുറിവേല്‍ക്കുന്ന ആരോപണങ്ങള്‍ ആര്‍ക്കെതിരെയും ഉന്നയിക്കരുത്. അതിന് തിരിച്ചടിയുണ്ടാകുമെന്ന് കേരളം സാക്ഷ്യമാണ്. സഭക്ക് കക്ഷി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. എന്നാല്‍ ജനാധിപത്യപ്രക്രിയയില്‍ ഇനിയും പങ്കാളികളാവുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തണമെന്നും ക്രൈസ്തവ സഭകളുടെ നിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ടെന്നും ചന്ദ്രപ്പന്‍ പറഞ്ഞിരുന്നു. മതങ്ങളോട് മോശമായ രീതിയിലുള്ള പെരുമാറ്റം കമ്മ്യൂണിസ്റ്റ് സംഘടനകള്‍ ഉപേക്ഷിക്കണമെന്നും ചന്ദ്രപ്പന്‍ പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.