Administrator
Administrator
ചന്ദ്രനില്‍ ജലസാന്നിധ്യം; പ്രഖ്യാപനം ഇന്ന്
Administrator
Thursday 24th September 2009 10:35am

മുംബൈ: ദൗത്യം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ വാഹനമായിരുന്ന ചാന്ദ്രയാന്‍1 ചന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചാന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയെന്നാണ് സൂചന. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന് ആഗസ്ത് 30ന്് ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ചാന്ദ്രയാന്‍ ദൗത്യം അവസാനിച്ചതായി ഐ.എസ്.ആര്‍.ഒ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ന് ഉച്ച തിരിഞ്ഞ് നാസ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് നാസയുടെയോ ഐ.എസ്.ആര്‍.ഒയുടെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ചാന്ദ്രയാന്‍ നടത്തിയ ‘വളരെ പ്രധാനപ്പെട്ട കണ്ടുപിടുത്തം’ വ്യാഴാഴ്ച പുറത്തുവിടുമെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചിട്ടുണ്ട്. സുപ്രധാനമായ ഒരു പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്ന് ഐ.എസ്.ആര്‍.ഒയും അറിയിച്ചിട്ടുണ്ട്. ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയെന്നും ഇതാണ് നാസ പുറത്തുവിടാന്‍ പോകുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഷിംഗ്ടണിലെ നാസ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ മൂണ്‍ മിനറോളജി മാപ്പര്‍ നിരീക്ഷിക്കുന്ന ബ്രൗണ്‍ സര്‍വ്വകലാശാലയിലെ സംഘത്തിന്റെ മേധാവിയും പ്രശസ്ത ചാന്ദ്ര ശാസ്ത്രജ്ഞയുമായ കാര്‍ലെ പീറ്റേഴ്‌സ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തിന്റെ ഉള്ളടക്കം എന്താണന്ന് വ്യക്തമാക്കാന്‍ തയ്യാറാകാത്ത ബ്രൗണ്‍ സര്‍വ്വകലാശാല വക്താവ് അത് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനമായിരിക്കുമെന്നും, ചന്ദ്രയാനെ അത് മഹത്തരമാക്കുമെന്നും വെളിപ്പെടുത്തി.

രണ്ടുവര്‍ഷം ലക്ഷ്യമിട്ട ചാന്ദ്രയാന്‍ ദൗത്യം കാലാവധിക്ക് ഒരു വര്‍ഷവും 55 ദിവസവും മുമ്പ് നിര്‍ത്തേണ്ടിവന്നെങ്കിലും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 95 ശതമാനവും പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിരുന്നു. ചന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കാനായി 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്.

ബന്ധപ്പെട്ട വാര്‍ത്ത :ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിക്കാനാവില്ലെന്ന് ഐ.എസ്.ആര്‍.ഒ

Advertisement