ramesh-rwന്യൂഡല്‍ഹി: സംസ്ഥാനത്ത് ഗുണ്ടകളും, സി.പി.ഐ.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ടിനെതിരെ കേരളത്തിലെ 14 ജില്ലകളിലും ഈ മാസം ഏഴിന് ഡി.സിസിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗുണ്ടാ-മാഫിയ-ക്വട്ടേഷന്‍ സംഘങ്ങളില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കണം.സംസ്ഥാനത്ത് പോലീസിനെ സി.പി.ഐ.എം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു.

ലാവ്‌ലിന്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നു ചെന്നിത്തല പറഞ്ഞു.കേസില്‍ കോടതി നോട്ടീസ് കിട്ടുന്നതിന് മുന്‍പ് സര്‍ക്കാര്‍ എന്തിനാണ് വന്‍തുക ചിലവഴിച്ച് അഭിഭാഷകനെ വച്ചത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പ്രതിയെ അനുകൂലിക്കുന്നതിലൂടെ ഭരണഘടനാ ലംഘനം നടത്തിയ സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്.ജനാധിപത്യ സംവിധാനത്തില്‍ അഴിമതി കേസുകളുണ്ടായാല്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ബാധ്യതെന്നു ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.