Administrator
Administrator
ഗുണ്ടകളെ ഇന്ന് രാമങ്കരി കോടതിയില്‍ ഹാജരാക്കും
Administrator
Monday 14th September 2009 9:11am

omprakash-rajesh

ആലപ്പുഴ: പോള്‍ എം. ജോര്‍ജ് വധക്കേസിലെ പ്രതികളായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഇന്ന് രാവിലെ 11 ന് രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇവരുമായി പോലീസ് സംഘം ആലപ്പുഴയിലേക്ക് തിരിച്ചു.

പോള്‍ വധക്കേസില്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശ് 15ാം പ്രതിയും പുത്തന്‍പാലം രാജേഷ് 16ാം പ്രതിയുമാണ്. കൊലപാതകം നടക്കുമ്പോള്‍ പോള്‍ സഞ്ചരിച്ചിരുന്ന കാര്‍ കടത്തിക്കൊണ്ടുപോയി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരെ പോലീസ് ചുമത്തിയ കുറ്റം.

പോള്‍ വധത്തിനു ശേഷം ഒളിവില്‍ പോയ ഓംപ്രകാശും പുത്തന്‍പാലം രാജേഷും തിരുവനന്തപുരത്ത് ഒരാളുടെ കൈ വെട്ടിയ കേസില്‍ തിരുനെല്‍വേലി മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഗുണ്ടകളെ വഞ്ചിയൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് പോള്‍ വധക്കേസില്‍ ഇരുവര്‍ക്കുമെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോലീസ് രാമങ്കരി കോടതിയില്‍ അപേക്ഷ നല്‍കി. ഇതനുസരിച്ച് കോടതി ഇവര്‍ക്കായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഗുണ്ടകളെ പോള്‍വധക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി ആലപ്പുഴ ഡി.വൈ.എസ്.പി കെ.എം. ടോമി രാമങ്കരി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഹരജി കോടതി രാവിലെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയിലും വാദം കേള്‍ക്കും.

കാരി സതീഷ് ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നു വാദം കേള്‍ക്കും. പോളിനോടൊപ്പം ഓംപ്രകാശോ രാജേഷോ എന്‍ഡവര്‍ കാറില്‍ യാത്രചെയ്തിരുന്നെന്ന് ഐജി വിന്‍സന്‍.എം.പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ കാറില്‍ ഇല്ലായിരുന്നെന്നാണ് ഇവരുടെ നിലപാട്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കാരി സതീഷിന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത കത്തി പൊലീസുകാര്‍ പറഞ്ഞിട്ടു നിര്‍മിച്ചതാണെന്നു സ്വകാര്യ ചാനലിനോടു പറഞ്ഞതുമായി ബന്ധപ്പെട്ട് കൊല്ല പണിക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Advertisement