Administrator
Administrator
ഗുജറാത്ത് കലാപം: സത്യവാങ്മൂലം സമര്‍പ്പിക്കണം; മോഡിക്ക് നോട്ടീസില്ല
Administrator
Sunday 20th September 2009 9:54am

gujarath-humanism

അഹമ്മദാബാദ്: ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കലാപക്കേസിലെ പ്രതികളുമായി നടത്തിയ ഫോണ്‍ സംഭാഷണം സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ നരേന്ദ്രമോഡിയുള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് നല്‍കിയ ഹരജിയില്‍ മോഡിക്ക് സമന്‍സ് നല്‍കാന്‍ കമ്മീഷന്‍ തയ്യാറായില്ല.

ജന്‍സംഘര്‍ഷ് മഞ്ച് എന്ന സംഘടന സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് ജി.ടി. നാനാവതിയും അക്ഷയ് മേത്തയും ഉള്‍പ്പെട്ട കമ്മിഷന്‍ ഉത്തരവിട്ടത്. കലാപവുമായി ബന്ധപ്പെട്ട ചിലരുമായി അക്കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും അതിനാല്‍ മോഡിയെയും മുഖ്യമന്ത്രിയുടെ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നുമാണു ജന്‍സംഘര്‍ഷ് മഞ്ച് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ തെളിവെടുപ്പിനായി മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും അന്നത്തെ ആഭ്യന്തരമന്ത്രി സദാഫിയയെയും മറ്റ് അഞ്ചുപേരെയും വിളിച്ചുവരുത്തണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

മോഡിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ഓംപ്രകാശ് സിങ്, തന്മയ് മേത്ത, സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ സഞ്ജയ് ഭവ്‌സാര്‍ എന്നിവരോടാണ് സത്യവാങ്മൂലം നല്കാന്‍ നിര്‍ദേശിച്ചത്. ഇവര്‍ ചില മന്ത്രിമാരുമായും വി.എച്ച്.പി. നേതാവ് ജയദീപ് പട്ടേലുമായുമാണ് അന്ന് ടെലിഫോണില്‍ സംസാരിച്ചത്. പതിനൊന്നുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയാണ് ജയദീപ് പട്ടേല്‍. അന്വേഷണോദ്യോഗസ്ഥനായ രാഹുല്‍ ശര്‍മയുടെ റിപ്പോര്‍ട്ടില്‍ ഈ മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുണ്ട്. രാഹുല്‍ ശര്‍മ നല്കിയ സി.ഡി.യും കമ്മീഷന് സമര്‍പ്പിച്ചു.

Advertisement