ഗാലെ: ഇന്ത്യക്കെതിരായ ആദ്യടെസ്റ്റില്‍ ശ്രീലങ്ക 10 വിക്കറ്റിന് ജയിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 95 റണ്‍സ് നേടേണ്ടിയിരുന്ന ലങ്കന്‍ ടീം വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ദില്‍ഷനും(60) പനവിതരണയും(23) പുറത്താകാതെ നിന്നു. ഇതോടെ മൂന്നുമല്‍സര പരമ്പരയില്‍ ലങ്ക 1-0 ന് മുന്നിലെത്തി.

നേരത്തേ മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ് നേട്ടത്തിന്റെ പിന്‍ബലത്തില്‍ ലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ 338 റണ്‍സിന് പുറത്താക്കിയിരുന്നു. അവസാന ടെസ്റ്റ് കളിച്ച മുരളി 800 വിക്കറ്റെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ടെസ്റ്റിലാകെ മുരളി 8 വിക്കറ്റ് വീഴ്ത്തി.

ലങ്കക്കായി ആദ്യ ഇന്നിംഗ്‌സില്‍ പനവിതരണയും (111) സംഗക്കാരയും (103) മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്‌സില്‍ സെവാഗും (109), രണ്ടാം ഇന്നിംഗ്‌സില്‍ സച്ചിനും (84) മികച്ച പ്രകടനം നടത്തി. ലസിത് മലിംഗയുടെ പ്രകടനവും ലങ്കന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. ആദ്യ ഇന്നിംഗ്‌സില്‍ 64 റണ്‍സെടുത്ത മലിംഗ് ആകെ 7 വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റ് 26 ന് കൊളംബോയില്‍ നടക്കും.