Categories

ഗാന്ധിജിയും ജിന്നയും സ്വപ്‌നം കണ്ടത് അവിഭക്ത ഇന്ത്യ: ജസ്വന്ത്

jaswant_singh-rw1കറാച്ചി: അവിഭക്ത ഇന്ത്യയായിരുന്നു ഗാന്ധിജിയുടെയും ജിന്നയുടെയും സ്വപ്‌നമെന്ന് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജസ്വന്ത് സിങ്. പാകിസ്ഥാനിലെ ഡോണ്‍ പത്രത്തിന് അനുദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്‍ബലമേകുന്ന വാദങ്ങളുമായി രംഗത്ത് വന്നത്. ജിന്നക്കും ഗാന്ധിജിക്കും ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹമില്ലായിരുന്നു. പക്ഷെ നാം ഇന്ത്യയെ മുറിക്കാന്‍ കൂട്ടുനിന്നു. ജിന്നയുടെ ആവശ്യത്തിന്റെ അവസാന ഭാഗങ്ങള്‍ വിഴുങ്ങിക്കളഞ്ഞാണ് നെഹ്‌റുവും പട്ടേലും വിഭജനത്തിന് കൂട്ട് നിന്നത്. പാകിസ്ഥാന്‍ വെട്ടിമാറ്റപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് ആഗോള ശക്തിയായി വളരുമായിരുന്നുവെന്നും പത്രത്തിന്റെ ഡല്‍ഹിയിലെ ലേഖകനുമായി നടത്തി അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

2002ലെ കാര്‍ഗില്‍ യുദ്ധ സമയത്ത് ഇന്ത്യയും പാകിസ്ഥാനും ഒരിക്കലും ആണവ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവകാര്യത്തിന്റെ പേരില്‍ വിവേചനം അംഗീകരിക്കനാവില്ല. ആണവ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഇന്ത്യക്കും പാകിസ്ഥാനും പരമാധികാരമുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിന്റെ വക്കിലായിരുന്നെന്ന അന്നത്തെ ഡല്‍ഹിയിലെ യു.എസ് അംബാസിഡര്‍ കനാര്‍ഡിന്റെ പ്രചാരണം ജസ്വന്ത് നിഷേധിച്ചു. ‘ഇത് കുപ്രചരണമായിരുന്നു, നമ്മളൊരിക്കലും ആണവയുദ്ധത്തിന്റെ അരികിലെത്തിയിരുന്നില്ല’ ജസ്വന്ത് വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്ത കാലത്തുണ്ടായ അസ്വാരസ്യങ്ങള്‍ സമ്മതിച്ച അദ്ദേഹം പഴയ കാല തെറ്റുകള്‍ ഉയര്‍ത്തിക്കാട്ടി പരസ്പരം കുറ്റപ്പെടുത്താതെ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും സമാധാന സംഭാഷണങ്ങള്‍ക്ക് വഴി തുറക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

ജിന്നയെക്കുറിച്ചുള്ള പുസ്തകം അഗ്നിക്കിരയാക്കിയപ്പോള്‍ നിഷ്‌കളങ്കനായ കുട്ടിക്ക് പൊള്ളിയപോലെ താന്‍ ഏറെ വേദനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംയുക്തപ്രസ്താവന തയ്യാറാക്കുമ്പോള്‍ സൂഷ്മത പാലിക്കാത്തത് കൊണ്ടാണ് കഴിഞ്ഞ മന്‍മോഹന്‍ ഗീലാനി സംയുക്ത പ്രസ്താവന വിവാദത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജിന്ന; ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പുസ്തകത്തില്‍ പാകിസ്താന്‍ വിഭജനത്തിന്റെ കാരണക്കാര്‍ നെഹ്‌റുവും പട്ടേലുമാണെന്ന് ജസ്വന്ത് ആരോപിച്ചിരുന്നു. ഇതെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. പുസ്തകം ഗുജറാത്ത് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. നിരോധനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരിക്കയാണ് ജസ്വന്ത്.

നേരത്തെ ജസ്വന്തിന്റെ ജിന്ന പുസ്തകത്തെയും ഇതെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെയും പരാമര്‍ശിച്ച് ഡോണ്‍ പത്രം മുഖപ്രസംഗമെഴുതിയിരുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങളെ ന്യായീകരിച്ച പത്രം ഇന്ത്യയില്‍ വെച്ച് പാകിസ്ഥാന്‍ നേതാവിനെ അനുകൂലിച്ച് പുസ്തകമെഴുതാന്‍ ജസ്വന്തിന് കഴിഞ്ഞത് പോലെ പാകിസ്ഥാനില്‍ വെച്ച് ഇന്ത്യന്‍ നേതാക്കളെ പിന്തുണച്ച് സംസാരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് ചോദിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.