Administrator
Administrator
കോര­ന്റെ കഞ്ഞി
Administrator
Wednesday 28th July 2010 11:24pm

 

അറിയാതെ ബന്ദിന്‍നാള്‍ വൈകുന്നേരം
ടി.വി.തുറന്ന കോരന്
കുമ്പിള്‍ നിറയെ കഞ്ഞി!


കഞ്ഞി കുമ്പിളും കവിഞ്ഞങ്ങിനെ ഒഴുകുകയാണ്.
കൂലംകുത്തി
പായുകയാണ്
സഹതാപാര്‍ദ്രേ സമീപനം
എരി തീയില്‍ എണ്ണ ഒഴിക്കുകയാണ് ബന്ദ്
ജീവിക്കാനുള്ള സ്വാതന്ത്യ്രം
സഞ്ചരിക്കാനുള്ള അവകാശം
പണിയെടുക്കാനുള്ള മോഹം
എല്ലാത്തിനുമീതെയും കുതിര കേറുകയാണ്.
ധിക്കാരികളായ രാഷ്ട്രീയക്കാരുടെ
തന്‍കാര്യം നോക്കലിനിടയില്‍ പിടയുന്നത്
സാധാരണ മനുഷ്യരുടെ ചങ്കാണ്’ എന്ന്!
ഹായ് എത്ര കുലീനം, എത്രമധുരം
സുസ്മേരവദനനായി ടി.വി.അനൌണ്‍സര്‍.
ഫിക്കിയുടെ, ചേമ്പറിന്റെ തലവന്മാര്‍
അതിനിടക്ക് അവര്‍ക്കിടയില്‍
സ്ഥാനം തെറ്റി ചെന്നുവീണ
ഏതോ ഇടതുപക്ഷരാഷ്ട്രീയക്കാരന്‍
അയാള്‍ വിയര്‍ക്കുകയാണ്
കിതക്കുകയാണ്
ഒന്നയാള്‍ പറയുമ്പോള്‍ ചുറ്റിലും നിന്ന്
കണ്ണുരുട്ടി ചാടുകയാണ്
ഫിക്കിയും ചേമ്പറും
അയാള്‍ വിറക്കുന്നു, കിതക്കുന്നു
ന്യായങ്ങള്‍ തൊണ്ടയില്‍ തടയുന്നു.
നാലുഭാഗത്ത് നിന്നും ചോദ്യശരങ്ങള്‍
ഇതല്ലെങ്കില്‍ പിന്നെന്താണ് അക്രമണം?
കുട്ടികളെ പോറ്റാനായി പണിക്കുപോയൊരുത്തനെ
തടഞ്ഞുനിര്‍ത്തി തിരിച്ചയച്ചാല്‍
കുട്ടികളെന്തു മണ്ണപ്പം തിന്നും?
നേരാണ് സാര്‍, ഉണ്ണികള്‍ മണ്ണുണ്ണികള്‍
മണ്ണ് പോലും കുഴിച്ച് തിന്നാനില്ലാത്തവരാണേറെയും
ഇന്നലെവരെ ചാനല്‍ പുറങ്ങളിലൊന്നും
അങ്ങനെയൊരു കൂട്ടരെ കണ്ടതേയില്ല ഞങ്ങള്‍
പിന്നെ പെട്ടെന്നെങ്ങനെ പൊട്ടിമുളച്ചു സാര്‍,
ബന്ദ് ദിനത്തിലൊരു മണ്ണപ്പകാര്യം.
ഫിക്കിയും ചേമ്പറും ഒന്നിച്ചലറുകയാണ്
അത് പൌരസ്വാതന്ത്യ്ര നിഹനം.
എത്ര കോടിയാണ് രാജ്യത്തിന് നഷ്ടമെന്ന്!
( എത്ര കോടിയായിരുന്നു തങ്ങളുടെ കീശയില്‍ വീഴുമായിരുന്നത് എന്ന്! )
അല്ലേ സാര്‍ അങ്ങനെതന്നെയല്ലേ,?
ന്യായങ്ങള്‍ തൊണ്ടയില്‍ തടയുന്നതിനിടയിലും
ഇടതുപക്ഷക്കാരന്‍ പറഞ്ഞുതീര്‍ത്തു;
പെട്രോള്‍ വിലകള്‍ ഇങ്ങനെ കൂടുന്നത്
ആരെ സഹായിക്കാന്‍ ?
അതിനെന്ത് ന്യായം?
എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന് ആര് പറഞ്ഞു ?
കോടികള്‍ അനേകായിരമാണ് അവരുടെ ലാഭം.
എണ്ണ വില കുത്തനെ കയറ്റുന്നത് ആര്‍ക്കുവേണ്ടി ?
റിലയന്‍സിനും എസ്.ആര്‍.നും വേണ്ടി.
അവയുടെ പെട്രോള്‍ ബങ്കുകള്‍ ഇനിമേല്‍
ഹൈവേകളില്‍ നമ്മെ നോക്കി മാടിവിളിക്കും.
ഇറ്റിറ്റുവീഴുന്ന എണ്ണത്തുള്ളികള്‍ക്കൊപ്പം
ഏറി ഏറി പോകും അവരുടെ ലാഭവും!
എസ്സോയും ബര്‍മാഷെല്ലും കാല്‍ട്ടെക്സും
പണ്ട് തുരത്തി ഓടിച്ച കമ്പനികളെല്ലാം
ഇതാ നമ്മുടെ നിരത്തുകളിലൂടെ
കുമ്പ കുലുക്കി പായാന്‍ പോകുന്നു!
അവയുടെ കുമ്പ വീര്‍ക്കും.
കോരന്റെ കുമ്പിള് കീറും.
ഇല്ല സര്‍, ഞങ്ങള്‍ ഇതനുവദിക്കില്ല.
അതിനെതിരയാണീ  ബന്ദ്.
അയ്യോ  അങ്ങനെ പറഞ്ഞാല്‍, ബന്ദെന്ന് തെളിച്ച് പറഞ്ഞാല്‍
മൂക്ക് മുറിച്ച് ഉപ്പിലിടും!
കോടതി അലക്ഷ്യം പാഞ്ഞ് വരും!)
പക്ഷേ സര്‍, പാവം കോരന്‍
അവന്‍ കോടതിയോട് പറഞ്ഞത് കേട്ടോ?

തരുന്നെങ്കീ  സാറെ, ജീവപര്യന്തം താ
വയറ്റിലെ പുഴുക്കളെ പിന്നെ പേടിക്കണ്ടല്ലോ.
പുഴുക്കളില്‍ പുഴുക്കളോടെന്തിനീ കളി?

(BEFI അഖിലേന്ത്യാ ജോ: സെക്രട്ടറിയാണ് ലേഖകന്‍. ഇമെയില്‍  akrameesh@yahoo.com )

Advertisement