Administrator
Administrator
കോണ്‍ഗ്രസ് രാഷ്ട്രീയം കണ്‍ഫര്‍ട്ടബിള്‍: ഷാനിമോള്‍ ഉസ്മാന്‍
Administrator
Sunday 6th March 2011 3:23pm

എണ്‍പതുകളുടെ തുടക്കം കേരളത്തിലെ ക്യാമ്പസുകള്‍ ഇളകിമറിയുന്ന കാലമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സുവര്‍ണ്ണ കാലം. പൊതുമണ്ഡലത്തിലെ മുഴുവന്‍ രാഷ്ട്രീയ അനുരണങ്ങളും ക്യാമ്പസിലും പ്രതിഫലിച്ചു. ആലപ്പുഴ എസ്.ഡി കോളജില്‍ കെ.എസ്.യുവിന്റെ നീലക്കൊടിയേന്തി കറുത്ത് മെലിഞ്ഞ് കണ്ണട ധരിച്ച പെണ്‍കുട്ടിയുണ്ടായിരുന്നു. ഷാനി മോള്‍ എന്ന ഷാനിമോള്‍ ഉസ്മാന്‍.

കാമ്പസുകളില്‍ കെ.എസ്.യു ഇന്നത്തെപ്പോലെ ദുര്‍ബലമായിരുന്നില്ല അന്ന്. കോളജില്‍ തല്ലുകൊണ്ടും കൊടുത്തും മത്സരിച്ചും ജയിച്ചും തോറ്റും വളര്‍ന്നവളാണ് ഷാനിമോള്‍. കേരള സര്‍വ്വകലാശാലയുടെ സെനറ്റ് പ്രതിനിധിയായി. ബിരുദാനന്തര ബിരുദം തിരുവനന്തപുരം ലയോള കോളജിലും നിയമ പഠനം തിരുവനന്തപുരം ലോ അക്കാദമിയിലും പൂര്‍ത്തിയാക്കി.

പഠനത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. നഗരസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. ഇപ്പോഴിതാ എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 42 ാമത്തെ വയസ്സില്‍ കോണ്‍ഗ്രസിന്റെ ഉന്നത പദവിയിലെത്തിയ ഷാനിമോള്‍ ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു.


വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഷാനിമോള്‍ ഈ രംഗത്തെത്തുന്നത്. കാമ്പസ് രാഷ്ട്രീയ കാലത്തെ ഓര്‍മ്മകള്‍?

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകര്‍ഷിക്കപ്പെടാന്‍ തന്നെ കാരണം അന്ന് കെ.എസ്.യു ഉയര്‍ത്തിയ മുദ്രാവാക്യങ്ങളായിരുന്നു. കെ.എസ്.യു അണികള്‍ക്കെതിരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ട കാലം കൂടിയായിരുന്നു അത്. രാഷ്ട്രീയം സമാധാനത്തിന് എന്ന മുദ്രാവാക്യമായിരുന്നു അന്ന് കെ.എസ്.യു ഉയര്‍ത്തിയത്. ഇതില്‍ വിദ്യാര്‍ഥികള്‍ വന്‍തോതില്‍ ആകൃഷ്ടരായി. അന്നൊക്കെ കേരളത്തിലെ പൊതു രാഷ്ട്രീയമണ്ഡലങ്ങളിലെ ചലനങ്ങള്‍ കാമ്പസിലും പ്രതിഫലിച്ചിരുന്നു. കോളജുകളില്‍ നിന്നും പ്രിഡിഗ്രി എടുത്ത് മാറ്റിയതോടെയാണ് കാമ്പസ് രാഷ്ട്രീയത്തിന്റെ തീവ്രത കുറഞ്ഞത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വന്നു. അവിടെ നിന്നുള്ള അനുഭവങ്ങള്‍ എങ്ങിനെയായിരുന്നു?

കോണ്‍ഗ്രസ് രാഷ്ട്രീയം വളരെ കണ്‍ഫര്‍ട്ടബിളാണ്. രാഷ്ട്രീയത്തിലായാലും സംഘടനാ ഉത്തരവാദിത്തത്തിലായാലും ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ എന്നെപ്പോലെ പിന്നാക്ക- പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരാന്‍ കഴിയുകയുള്ളൂ.

രാഷ്ട്രീയത്തില്‍ വഴി എപ്പോഴും സുഗമമായിരിക്കില്ല. ഷാനിമോളുടെ വഴിയില്‍ മുള്ളുകളുണ്ടായിരുന്നോ?. ആ മുള്ളുകളില്‍ കാല്‍തട്ടി എപ്പോഴെങ്കിലും മുറിഞ്ഞിട്ടുണ്ടോ?.

രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരുപാട് പ്രതിസന്ധികളുണ്ടാകും. അത് താഴെത്തട്ടിലായാലും നേതൃനിരയിലായാലും. ഇത് തരണം ചെയ്ത് മാത്രമേ മുന്നോട്ട് പോവാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പ്രത്യേക പരിഗണ ലഭിച്ച പ്രവര്‍ത്തകയാണ് ഞാന്‍. കെ കരുണാകരന്‍ പാര്‍ട്ടി വിടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഗ്രൂപ്പിലായിരുന്നു എന്റെ പ്രവര്‍ത്തനം. അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ ഞാന്‍ കൂടെപ്പോയില്ല. മറിച്ച് കോണ്‍ഗ്രസില്‍ തന്നെ ഒരു ഗ്രൂപ്പിലുമില്ലാതെ പ്രവര്‍ത്തിച്ചു. എന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുമ്പോഴും ഈ നിലപാടായിരുന്നു എടുത്തത്. എതിര്‍പ്പുകളുണ്ടായിരുന്നു. അതെല്ലാം നൈമിഷികമായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മത്സരിക്കാനുള്ള പാര്‍ട്ടി നിര്‍ദേശം ഷാനിമോള്‍ നിരസിക്കുകയായിരുന്നു. എന്തായിരുന്നു അന്ന് സംഭവിച്ചത്?.

അതെല്ലാം രണ്ട് വര്‍ഷം മുമ്പുള്ള കാര്യമല്ലെ. പാര്‍ട്ടിയുടെ നിര്‍ദേശം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു ചെയ്തത്. തന്റെ വിശദീകരണം നേതൃത്വത്തം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

ഇപ്പോള്‍ എ.ഐ.സി.സി സെക്രട്ടറിയെന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയണ്. ഭാവി രാഷ്ട്രീയത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും പദ്ധതികളും?

ഭാവിരാഷ്ട്രീയത്തെക്കുറിച്ച് അത്തരം സ്വപ്നങ്ങളൊന്നുമില്ല. ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കും. കൂടുതല്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫീസിനോട് ചേര്‍ന്് പ്രവര്‍ത്തിക്കാനാണ് എന്റെ ചുമതലയെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്.

Advertisement