തിരുവനന്തപുരം: കൊച്ചി ഐപിഎല്‍ ടീം കേരളത്തിന് നഷ്ടമാവാതിരിക്കാന്‍ ചെയ്യാവുന്ന എല്ലാ ശ്രമവും നടത്തുമെന്ന് കായിക മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കൊച്ചിയിലും തിരുവനന്തപുരത്തും ടീമിന് സ്റ്റേഡിയം നല്‍കാനാവുമെന്നും അതേസമയം ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം അടഞ്ഞ അധ്യായമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

കൊച്ചി ടീമിനെ ഏറ്റെടുക്കാന്‍ മലയാളികളായ സുഹൃത്തുക്കള്‍ ശ്രമം നടത്തുന്നുണ്ടെന്നും അവര്‍ക്ക് പ്രോത്സാഹനവും സഹായവും നല്‍കുമെന്നും ടീം ഉടമകളും കോര്‍പ്പറേഷനും തമ്മിലുടലെടുത്ത വിനോദനികുതി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മധ്യസ്ഥനാവാന്‍ തയ്യാറണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചി കോര്‍പറേഷനുമായുള്ള വിനോദ നികുതി പ്രശ്‌നം, സ്ഥിരം സ്‌റ്റേഡിയം ഇല്ല, എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടീമിന്റെ പ്രധാന ഓഹരി ഉടമകളായ ആങ്കര്‍ എര്‍ത്ത് ഗ്രൂപ്പ് ഓഹരികള്‍ വില്‍ക്കാന്‍ തയാറെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍്കുന്ന പ്രസ്താവനകളുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

മൊത്തം ഓഹരിയില്‍ 31.4 ശതമാനമാണ് ആങ്കറിനുള്ളത്. ബി.സി.സി.ഐയുടെ അനുമതിയോടെ ഇത് വില്‍ക്കാനാണ് ആങ്കര്‍ ഗ്രൂപ്പ് ശ്രമിക്കുന്നത്. ടീം നടത്തിപ്പ് നഷ്ടത്തിലായതിനാലാണ് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതെന്നാണ് സൂചന.