daddy-cool-1-rwനവീന്‍ ടി എം

`ഡാഡി കൂള്‍’ കാണാന്‍ പോകുമ്പോള്‍ കാര്യമായിട്ടൊന്നും പ്രതീക്ഷിക്കരുത്‌. കുടുംബത്തോടൊപ്പം രണ്ടരമണിക്കൂര്‍ ആസ്വദിച്ച്‌ കാണാവുന്ന ഒരു ചിത്രം-പ്രതീക്ഷ അത്രയും മതി. ഓര്‍ത്തു വെക്കാന്‍ ഒരു കഥയോ സംഭാഷണശകലമോ ഇല്ലാതെ സാങ്കേതികത്തികവുകൊണ്ട്‌ എങ്ങിനെ ഒരു ചിത്രത്തെ മടുപ്പിക്കാതെ അവതരിപ്പിക്കാനാവും എന്ന്‌ `ഡാഡികൂളിലൂടെ നമുക്ക്‌ നവാഗത സംവിധായകനായ ആഷിഖ്‌ അബു കാണിച്ചു തരുന്നു. മലയാള സിനിമയില്‍ നാളുകളായി തുടരുന്ന മനംമടുപ്പിക്കുന്ന ആക്ഷന്‍ ഓറിയന്റഡ്‌ കുടുംബചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ `ഡാഡികൂള്‍’. ഒന്നുകില്‍ ആക്ഷന്‍ അല്ലെങ്കില്‍ കുടുംബം എന്നുള്ള മലയാള സിനിമാ ഫോര്‍മുല ഈ ചിത്രം തിരുത്തിയിട്ടുണ്ട്‌. പക്ഷേ നിലം തൊടാതെ പറന്ന്‌ വില്ലന്മാരെ നിലം പരിശാക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ വിമര്‍ശകര്‍ക്ക്‌ അതിലേക്കായി ഒരു പാട്‌ വിഭവങ്ങളും ചിത്രത്തിലുണ്ട്‌.
ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥനായ ആന്റണി സൈമണും(മമ്മൂട്ടി) മകന്‍ ആദി(മാസ്റ്റര്‍ ധനഞ്‌ജയ്‌)യുമാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.ഈ അഛന്റെയും മകന്റെയും ക്രിക്കറ്റ്‌ ഭ്രാന്ത്‌ ഭാര്യ ആനിക്കും അതുപോലെത്തന്നെ ക്രൈംബ്രാഞ്ചിലെ സഹപ്രവര്‍ത്തകര്‍ക്കും ഒരു പോലെ തലവേദനയാണ്‌. ടിവിയില്‍ ക്രിക്കറ്റുള്ള ദിവസം ആദി സ്‌കൂളില്‍ പോവില്ല, അതുപോലെത്തന്നെ എന്തെങ്കിലു കാരണം പറഞ്ഞ്‌ ആന്റണി അവധിയുമെടുക്കും. പക്ഷേ ഒരുഘട്ടത്തില്‍ ഈ ക്രിക്കറ്റ്‌ ഭ്രാന്ത്‌ കാരണം ആന്റണി സസ്‌പെന്‍ഷനിലാവുന്നു. പിന്നെ തിരിച്ചു കയറാനുള്ള ശ്രമങ്ങളാണ്‌. ഇതിനിടയില്‍ പ്രശസ്‌ത ക്രിക്കറ്റ്‌ താരം ശ്രീകാന്തിനെ ഒരുകൂട്ടം ഗുണ്ടകളില്‍ നിന്നും ആന്റണി രക്ഷിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു. സംഭവത്തോടെ ആന്റണിയുടെ സസ്‌പെന്‍ഷനും പിന്‍വലിക്കപ്പെട്ടു. ഭര്‍ത്താവിന്റെ അലസതയില്‍ പ്രതിഷേധിച്ച്‌ പിണങ്ങിപ്പോയ ആനി തിരിച്ചു വരുന്നതോടെയാണ്‌ പിണക്കങ്ങളും കളിയും ചിരിയുമായി മടുപ്പിക്കാതെ മുന്നോട്ടു പോയ ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്നത്‌.

ചിത്രത്തിന്റെ രണ്ടാം പകുതി അല്‌പം കൂടി സീരിയസാണ്‌. മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ ഇമേജിന്‌ പാകമാവുന്ന വിധത്തിലുള്ള സീനുകളാണ്‌ ഇതില്‍ കാണാനാവുക. സസ്‌പെന്‍ഷനിലാവാന്‍ കാരണമായ കൊച്ചിയിലെ ഗുണ്ടാത്തലവനായ ഭീംഭായിയെ പിടികൂടുന്ന ആന്റണിയെ പക്ഷേ കാത്തിരിക്കുന്നത്‌ കൂടുതല്‍ അപകടങ്ങളായിരുന്നു. ഒരുഘട്ടത്തില്‍ ആദിയെ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നു. പക്ഷേ ആന്റണി പ്രതീക്ഷിച്ചവരായിരുന്നില്ല അത്‌ ചെയ്‌തത്‌. ആന്റണി പോലുമറിയാതെ ചിലര്‍ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. മകനു വേണ്ടിയുള്ള അന്വേഷണത്തില്‍ അവയോരോന്നായി അയാള്‍ക്ക്‌ നേരിടേണ്ടി വരുന്നു.

ബിഗ്‌ ബി, സാഗര്‍ ഏലിയാസ്‌ ജാക്കി തുടങ്ങിയ ചിത്രങ്ങളുടെ പാറ്റേണ്‍ ചിത്രത്തില്‍ ചിലയിടങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. പക്ഷേ ഹൈ വോള്‍ട്ടേജ്‌ ബാക്ക്‌ ഗ്രൗണ്ട്‌ സ്‌കോറിന്റെ അകമ്പടിയോടെയുള്ള സംഗീതവും ആക്ഷന്‍ ചിത്രത്തിനു ചേര്‍ന്ന ഷോട്ടുകളും മികച്ച കലാസംവിധാനവും സംഘട്ടനവും എല്ലാത്തിനുപരിയായി ഇതിനു ചേര്‍ന്ന വിധത്തില്‍ മമ്മൂട്ടിയെ ഉപയോഗപ്പെടുത്താനായതും ചിത്രത്തെ വേറിട്ടു നിര്‍ത്തുകയായിരുന്നു. ആഷിഖ്‌ അബുവിന്റെ കഥക്കും സംഭാഷണത്തിനും വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല. പക്ഷേ സംവിധാന മികവിന്റെ കാര്യത്തില്‍ ഈ പുതുമുഖം പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്‌. ഭാവിയില്‍ കഥക്കും കാര്യമായ പ്രാധാന്യം നല്‍കിയില്ലെങ്കില്‍ അമല്‍ നീരദിനെപ്പോലെ ഒരേ അച്ചിലെ ചിത്രങ്ങള്‍ കൊണ്ട്‌ പ്രേക്ഷകനെ നിരാശപ്പെടുത്താനേ ആഷിഖിനും സാധിക്കുകയുള്ളൂ. ഒരൊറ്റ കഥ മാത്രം കേന്ദ്രീകരിച്ച്‌ മുന്നോട്ടു പോയതാണ്‌ ആഷിഖിനെ തുണച്ചത്‌. ആ കഥക്ക്‌ ഉപോത്‌ബലകമായ മറ്റുഘടകങ്ങള്‍ കൂടി ചേര്‍ന്നതോടെ വേറിട്ടതെന്നവകാശപ്പെടാനാവില്ലെങ്കിലും മികച്ച ഒരു ക്ലൈമാക്‌സുണ്ടാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ എണ്ണവും പരമാവധി കുറച്ചിട്ടുണ്ട്‌. ആരംഭം മുതല്‍ അവസാനം വരെ മമ്മൂട്ടിയാണ്‌ ചിത്രത്തിലെ താരം. ഓരോ സീനിലും ഓരോരോ സ്റ്റൈലന്‍ വേഷങ്ങളിലാണ്‌ മമ്മൂട്ടിയെത്തുന്നത്‌ പക്ഷേ സ്വപ്‌നങ്ങളില്‍ മാത്രം അതിമാനുഷികനാവുന്നത്‌ മമ്മൂട്ടിക്ക്‌ രക്ഷയായി. അഭിനയത്തില്‍ ഈയടുത്ത കാലത്തു തുടര്‍ന്നു വന്നത്‌ മമ്മൂട്ടി ആവര്‍ത്തിച്ചുവെന്നേ പറയാനാവൂ. പക്ഷേ ചിത്രത്തിന്‌ കിട്ടിയ ആക്ഷന്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ പദവി മമ്മൂട്ടിക്ക്‌ ഗുണം ചെയ്‌തു. പോലീസിനു മേലുള്ള ക്രൈംബ്രാഞ്ചിന്റെ കടന്നു കയറ്റത്തെപ്പറ്റി രണ്ട്‌ ഡയലോഗ്‌ പറയാന്‍ വേണ്ടി മാത്രമായി ഭീമന്‍ രഘുവിനെയും കൊണ്ടു വരുന്നുണ്ട്‌. ഇത്തരത്തില്‍ ഒരു അഛനിലും മകനിലും മാത്രം കഥ കേന്ദ്രീകരിച്ചപ്പോള്‍ മറ്റ്‌ കഥാപാത്രങ്ങളില്‍ നിന്നും ചില സമയത്‌ ശ്രദ്ധ വിട്ടത്‌ ചിത്രത്തില്‍ ചെറിയൊരു അലോസരമുണ്ടാക്കുന്നു. ബാലതാരങ്ങളുടെ വീക്ക്‌നെസായ ഓവര്‍ ആക്‌ടിംഗ്‌ പക്ഷേ മാസ്റ്റര്‍ ധനഞ്‌ജയിന്റെ കാര്യത്തിലുണ്ടായില്ല. വികാരനിര്‍ഭരവും കടിച്ചാല്‍ പൊട്ടാത്തതുമായ ഡയലോഗുകളില്ലാത്തതും മറ്റ്‌ അഭിനേതാക്കള്‍ക്കെന്ന പോലെ ഈ ബാലതാരത്തിനും സഹായകമായി. അതേസമയം നമ്മുടെ സംവിധായകര്‍ നായികമാര്‍ക്കായി അന്യനാടുകളെ ആശ്രയിക്കുന്നതെന്തിനാണെന്ന്‌ ഇനിയും മനസ്സിലാവുന്നില്ല. മമ്മൂട്ടിയുടെ ഗ്ലാമര്‍ പരിവേഷത്തിനിണങ്ങുന്ന ഗ്ലാമര്‍ ഭാര്യ തന്നെയായിരുന്നു റിച്ച. പക്ഷേ ഡയലോഗ്‌ പറയുമ്പോള്‍ ചുണ്ടനക്കുന്നിടത്ത്‌ പലപ്പോഴും വാക്കുകളെത്തുന്നില്ലായിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പക്ഷേ റിച്ച കുറ്റം പറയിച്ചില്ല. പ്രതീക്ഷ തെറ്റിക്കാതെസൂപ്പര്‍ താരങ്ങള്‍ക്ക്‌ അകമ്പടിയാവേണ്ട താരനിരയും ഈ ചിത്രത്തിലുണ്ട്‌- ബിജുമേനോന്‍, വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, സായികുമാര്‍ രാധിക അങ്ങിനെ.. നിരാശപ്പെടുത്താത്തതാണ്‌ ഇവരുടെ പ്രകടനം.

ഛായാഗ്രഹണവും കലാസംവിധാനവും സംഘട്ടനവും സംഗീതവും എഡിറ്റിംഗും ചിത്രത്തെ രക്ഷപ്പെടുത്തിയതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌. ബിഗ്‌ ബിയില്‍ നവാഗതനായെത്തിയ സാമിര്‍ താഹിറ ഛായാഗ്രഹണത്തിന്റെ കാര്യത്തില്‍ മുന്‍ചിത്രത്തിനെത്തന്നെയാണ്‌ മാതൃകയാക്കിയിരിക്കുന്നത്‌. കൊച്ചിയിലെ ഗുണ്ടാനേതാക്കളുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ മുമ്പെവിടെയോ കണ്ടതായി പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ പിന്തുണയായി ബിജി ബാലിന്റെ സംഗീതമെത്തുന്നതോടെ അക്ഷന്‌ പുതിയൊരു മുഖമാണ്‌ കൈവന്നത്‌. `ഡാഡി മൈ ഡാഡി’ ഉള്‍പ്പെടെയുള്ള ഗാനങ്ങളിലും അവയുടെ ചിത്രീകരണത്തിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ഫ്രെഷ്‌നസ്‌ അനുഭവിച്ചറിയാനാവും. കലാസംവിധായകന്‍ സുരേഷ്‌ കൊല്ലം ഒരുക്കിയ മികച്ച ലൊക്കേഷനുകളും മികച്ച സെറ്റുകളും ചിത്രത്തില്‍ ശ്രദ്ധേയമാണ്‌. ചിത്രത്തിന്റെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ മുതലുള്ള വി. സാജന്റെ എഡിറ്റിംഗിലെ പരീക്ഷണങ്ങളും `ഡാഡികൂളി’ന്റെ സവിശേഷതയാണ്‌.

ഓണക്കാലത്തെ മുന്‍കൂട്ടി കണ്ടു കൊണ്ട്‌ കുടുംബങ്ങളെ തിയ്യേറ്ററുകളിലേക്കെത്തിക്കാനുറച്ച്‌ തന്നെ പുറത്തിറക്കിയതാണ്‌ `ഡാഡികൂള്‍’. ഡപ്പാംകൂത്ത്‌ പാട്ടും ആക്ഷനും നിറഞ്ഞ ചിത്രത്തിലെ ചേരുവകളെല്ലാം അതാണ്‌ വ്യക്തമാക്കുന്നതും. ഡാഡികൂളിനെ വിമര്‍ശിക്കാന്‍ മെനക്കെട്ടാല്‍ ധാരാളമുണ്ട്‌. പക്ഷേ കുടുംബമൊന്നിച്ച്‌ വെറുതേ കണ്ട്‌ അധികം അലോസരങ്ങളൊന്നുമില്ലാതെ ആസ്വദിച്ച്‌ രണ്ടരമണിക്കൂറിനു ശേഷം മനസ്സില്‍ വെക്കാന്‍ കുറച്ച്‌ എഫക്‌ട്‌സും പാട്ടും മാത്രമായി തിയ്യേറ്റര്‍ വിടാവുന്ന ഒരു ചിത്രമെന്ന നിലയില്‍ ചിത്രത്തെ വെറുതെ വിടാം..