തിരുവനന്തപുരം: ജനശ്രീക്ക് ഫണ്ട് അനുവദിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണ സമിതി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം മൂന്നാം ദിവസത്തിലേക്ക്.

വിവിധ ജില്ലയില്‍നിന്നായി തിരഞ്ഞെടുത്ത 2500ല്‍പ്പരം വനിതാ വളന്റിയര്‍മാരാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. ഉരുകുന്ന വെയില്‍ കൂസാതെ രാപ്പകല്‍ നീളുന്ന സമരത്തില്‍ അണിനിരന്ന വനിതകള്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം തിരുത്താതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്നു.

Ads By Google

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനംചെയ്തിരുന്നത്. ജനങ്ങളുടെ പണം കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ജനശ്രീയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്‌സണ്‍ പി. കെ ശ്രീമതി അധ്യക്ഷയായി.

കുടുംബശ്രീക്ക് ലഭിക്കേണ്ട പണം കടലാസ് സംഘടനയ്ക്ക് നല്‍കിയത് കൊടിയ വഞ്ചനയാണെന്ന് പി. കെ ശ്രീമതി പറഞ്ഞു. കുടുംബശ്രീയുടെ പണം ജനശ്രീക്ക് നല്‍കിയത് അഴിമതിയാണെന്ന് സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

വിദേശങ്ങളില്‍ വരെ പ്രശംസ പിടിച്ചുപറ്റിയ കുടുംബശ്രീയെ ഒരു ജനശ്രീയെന്ന സ്വകാര്യകമ്പനിയെ ഉപയോഗിച്ച് തകര്‍ക്കാനാകില്ലെന്ന് മാത്യു  ടി. തോമസ് എം.എല്‍.എ പറഞ്ഞു.

ആട്ടവും പാട്ടുമൊക്കെയായി വിവിധ ജില്ലകളില്‍ നിന്നെത്തിയ സ്ത്രീകള്‍ സമരത്തെ കൂടുതല്‍ ജനകീയമാക്കുന്നു.