ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ജനക്കൂട്ടത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ജുമുഅ നിസ്‌കാരം കഴിഞ്ഞ് വരുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ 65 കാരനുമാണ്. ഇതോടെ കഴിഞ്ഞ ജൂണിനു ശേഷം കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി.

ശ്രീനഗറിലെ നോഹട്ടയില്‍ ജുമുഅ നമസ്‌കാരത്തിനു ശേഷം നടത്തിയ പ്രകടനത്തിനു നേരെ നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. കര്‍ഫ്യുലംഘിച്ചു നാട്ടുകാര്‍ ജുമുഅ നിസ്‌കാരത്തിനിറങ്ങിയതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാരും സുരക്ഷാ സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിസ്‌കാരത്തിന് പള്ളികളിലെത്തിയ നാട്ടുകാര്‍ സൈന്യത്തിന് നേരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജുമുഅക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യുലംഘിച്ച് പ്രകടനം നടന്നു.

രജൗരിയില്‍ മറ്റൊരു സംഭവത്തില്‍ ഒരു യുവാവ് സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചിട്ടുണ്ട്.