ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് പോലീസ് വെടിവെപ്പിലും മറ്റ് സംഘര്‍ഷത്തിലും അഞ്ച് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.

പോലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കാനുള്ള ശ്രമിത്തിനിടെയും കല്ലേറു നടത്തുന്നതിനിടെയുമുണ്ടായ വെടിവെപ്പിലാണ് നാട്ടുകാര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പ്രക്ഷോഭകാരികളും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഞായറാഴ്ച മാത്രം എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 11 ന് പ്രക്ഷോഭം തുടങ്ങിയശേഷം ഒരുദിവസം ഇത്രയും ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമാണ്.

കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രഘധാനമന്ത്രി 12 മണിക്കൂറിനിടെ രണ്ട് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. കശ്മീരിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ലോക്‌സഭയില്‍ പറഞ്ഞു. കശ്മീരിലെ നിലവിലുള്ള സംഭവ വികാസങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എല്‍.കെ.അഡ്വാനിയുടെ ആവശ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.