Categories

കാശ്മീരികള്‍ക്ക് ഇന്റര്‍നെറ്റും ആയുധം

പ്രതിഷേധാഗ്നിയില്‍ കാശ്മീര്‍ കത്തുകയാണ്. ഇന്ത്യാ വിഭജനത്തിന് ശേഷം മുറിവുണങ്ങാതെ വേദനയില്‍ കഴിയുകയാണ് ആ ജനത. ഒരു വശത്ത് ഭീകരവാദത്തിന്റെ കറുത്ത പല്ലുകള്‍, ഇപ്പുറത്ത് ഏത് നിമഷവും പുക ഉയരാവുന്ന സൈന്യത്തിന്റെ തോക്കുകള്‍. ഈ ആത്മസംഘര്‍ഷം കാശ്മീരികളല്ലാത്ത ആര്‍ക്കും ഒരു പക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല.

മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് യുവാക്കളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് താഴ്‌വരയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ വീണ്ടും മരണങ്ങളുണ്ടായി ഇത് താഴ് വരയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു.

കാശ്മീരില്‍ പ്രതിഷേധപ്രകടനത്തിനിടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 30 ഓളം പേരാണ്. ജനം മുഴുവനായി തെരുവിലിറങ്ങിയിരിക്കുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഇതിനിടെ തുടര്‍ച്ചയായി ആളുകള്‍ കൊല്ലപ്പെടുന്നു. തുറന്ന റോഡില്‍ സൈന്യത്തിന് വെടിയുതിര്‍ക്കേണ്ടി വരുന്നു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തുടര്‍ച്ചയായി യോഗം വിളിച്ച് ചേര്‍ത്തുവെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. കാശ്മീര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം വ്യക്തമായിക്കഴിഞ്ഞു.

പ്രദേശത്തെ സംഘര്‍ഷാവസ്ഥ പുറം ലോകത്തെത്തിക്കാന്‍ യുവാക്കള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കുകയാണ്. നടക്കുന്നതെന്താണെന്ന് പുറം ലോകത്തെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കാശ്മീരി യുവാക്കള്‍ പറയുന്നു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും യു ട്യൂബിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രചരിക്കുകയാണ്. ഇന്റര്‍ നെറ്റിനെ പ്രക്ഷോഭത്തിന്റെ പുതിയ മാര്‍ഗമായി സ്വീകരിച്ചിരിക്കയാണ് കാശ്മീരി യുവത.

കൂട്ടം തെറ്റിയ ആ ജനതയെ ഇനി ആര് നയിക്കും എന്നത് ചോദ്യമായിരിക്കുന്നു. കാശ്മീരിന്റെ വേദന ഇന്ത്യ മുഴുവന്‍ അനുഭവിക്കുമെന്നതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.