Categories

കാലവാസ്ഥാ വ്യതിയാനം: നിയന്ത്രണങ്ങള്‍ വികസിത രാഷ്ട്രങ്ങളും പാലിക്കണം: ഇന്ത്യ

sm-krishna

യുനൈറ്റഡ് നേഷന്‍സ്: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള തീരുമാനങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ. ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥാ വ്യതിയാന ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാന പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യ ഒരു തരത്തിലും തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കുന്നതിനും ഇന്ത്യ ഒരുക്കമാണ്. എന്നാല്‍ ഇവ എല്ലാരാജ്യങ്ങളിലും ബാധകമാക്കണം. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് നടപടിയെടുക്കുമ്പോള്‍ വികസ്വര
രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് പരിഹരിക്കുന്നതിന് നടപടിയുണ്ടാകണം. കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വികസിത രാഷ്ട്രങ്ങളാണ് നേതൃത്വം നല്‍കേണ്ടത്. വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പുണ്ടായിരുന്ന ഉടമ്പടികള്‍ അനുസരിക്കാന്‍ വികസിത രാജ്യങ്ങള്‍ തയാറാകണം. വികസിത രാജ്യങ്ങളിലെ തെറ്റായ ജീവിതശൈലിയും ഉല്‍പാദന, ഉപഭോഗ രീതികളുമാണ് ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. ഈ അവസ്ഥ തുടരരുത്. കാലാവസ്ഥാ വ്യതിയാനം
നേരിടുന്നതിനൊപ്പം വികസ്വര രാജ്യങ്ങളില്‍ വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും പരിഗണന നല്‍കണം. 2020 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക വമനത്തില്‍ 40 ശതമാനം വരെ കുറവു വരുത്താന്‍ വികസിത രാജ്യങ്ങള്‍ തയാറാകണമെന്നും കൃഷ്ണ ആവശ്യപ്പെട്ടു.

കോപന്‍ഹേഗന്‍ ചര്‍ച്ചയില്‍ പ്രായോഗികവും ആകര്‍ഷകവുമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് പുതിയ ഉടമ്പടി ഉണ്ടാക്കുന്നതിനായി ഡിസംബറിലാണ് കോപന്‍ഹേഗനില്‍ ചര്‍ച്ചകള്‍ ആരംഭിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.