heavy-rain2

ന്യൂദല്‍ഹി: കാലവര്‍ഷ ദുരിതാശ്വാസമായി കേരളത്തിന് 116.9 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസംഘം ശുപാര്‍ശ ചെയ്തു. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ചു. അപൂര്‍വമായുണ്ടാക്കുന്ന കെടുതി വിഭാഗത്തിലാണ് കേരളത്തിലെ കാലവര്‍ഷക്കെടുതിയെ കേന്ദ്രസംഘം ഉള്‍പ്പെടുത്തിയത്. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി, കൃഷിമന്ത്രി ശരദ്പവാര്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മന്ത്രിതലസമിതിയാണ് ഇതുസംബന്ധിച്ച് അവസാന തീരുമാനമെടുക്കുക

Subscribe Us:

കാലവര്‍ഷക്കെടുതിമൂലം നഷ്ടം നേരിടുന്നവര്‍ക്കായി കേരളം ചോദിച്ച 33 ലക്ഷം രൂപയും റേഷന്‍ നല്‍കാന്‍ 330 ലക്ഷം ശുപാര്‍ശ ചെയ്തു. കൃഷിനാശത്തിന് സംസ്ഥാനം ചോദിച്ച 1445.75 ലക്ഷത്തില്‍ 1273.28 ലക്ഷം അനുവദിച്ചു. മണ്ണൊലിപ്പിന് 35 ലക്ഷംരൂപയും മരുന്ന്, കുടിവെള്ളം എന്നിവക്ക് 250 ലക്ഷവും മത്സ്യത്തൊഴിലാളികള്‍ക്ക് 213 ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി 218.75 ലക്ഷവും മൃഗസംരക്ഷണം, മാറ്റിത്താമസിപ്പിക്കല്‍ തുടങ്ങിയവക്ക് 325 ലക്ഷവും ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ആസൂത്രണ കമ്മീഷന്‍ ഉപദേഷ്ടാവും ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറിയുമായ സദാകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പഠനം നടത്തിയശേഷം ആഭ്യന്തര സെക്രട്ടറിക്ക് ആഗസ്ത് 28ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.