മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കരെ ധരിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് എ കെ 47 വെടിയുണ്ടകളെ തടുക്കാന്‍ ശക്തിയില്ലാത്തതായിരുന്നെന്ന് പോലീസ്. മുംബൈ ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2001 ലാണ് ഇത്തരം ജാക്കറ്റുകള്‍ സേന വാങ്ങിയത്. മുംബൈ ഭീകരാക്രമണം പോലൊന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ്‌സിങ് ജാദവ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കാര്‍ക്കരെ ധരിച്ചിരുന്ന ജാക്കറ്റിന് 9 എം എം പിസ്റ്റളിലെയും കൈത്തോക്കിന്റെയും ഉണ്ടകളെ തടുക്കാന്‍ മാത്രമേ കവിയുമായിരുന്നുള്ളൂ. ഇത്തരം ജാക്കറ്റുകള്‍ സൈന്യം വരെ ഉപയോഗിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കാര്യക്ഷമമല്ലാത്ത ജാക്കറ്റ് ഉപയോഗിച്ചതിനിലാണ് കാര്‍ക്കരെ കൊല്ലപ്പെട്ടതെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ സന്തോഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.