മിലാന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച ഫാബിയോ കാപല്ലോ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ ഹെഡ് കോച്ചായേക്കുമെന്ന് റിപ്പോര്‍ട്ട്. ആന്ദ്രെ വിലാസ് ബോസിന് കീഴില്‍ ചെല്‍സി ആദ്യ നാലില്‍ ഇടം നേടാന്‍ പ്രയാസപ്പെടുകയാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ ഏറെ പരിചയവും നേട്ടങ്ങളും ഉള്ള കാപല്ലോയ്ക്ക് ഇംഗ്ലീഷ് സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത് ചെല്‍സി മാനേജ്‌മെന്റിനെ കാപല്ലോയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

എന്നാല്‍ ഇറ്റലിയിലെ ക്ലബ്ബുകളെ പരിശീലിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കാപല്ലോ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തും നിന്ന ഒഴിഞ്ഞ തനിയ്ക്ക് ഇനി കുറച്ചു നാള്‍ വിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാപല്ലോയുടെ ഈ മറുപടി അഭ്യൂഹങ്ങള്‍ ശരിയായേക്കുമോ എന്നും സൂചന നല്‍കുന്നുണ്ട്.

Subscribe Us:

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോണ്‍ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ അസോസിയേഷനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കാപല്ലോ ഇംഗ്ലണ്ട്‌പരിശീലക സ്ഥാനം ഒഴിഞ്ഞത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി താരമായ ടെറി മത്സരത്തിനിടെ ഫെര്‍ഡിനാന്റിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമാകുകയും ടെറിയ്‌ക്കെതിരെ ക്രമിനല്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ ടെറിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വിവാദം കൊഴുത്തു. ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടിയ്‌ക്കെതിരെ കാപല്ലോ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതാണ് ഫുട്‌ബോള്‍ അസോസിയേഷനെ ചൊടിപ്പിച്ചതും കാപല്ലോയുടെ രാജി വേഗത്തിലാക്കിയതും.

സ്വിറ്റ്‌സര്‍ലന്റിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. അതിനു ശേഷം 48 മത്സരങ്ങളില്‍ കാപല്ലോ പരിശീലക സ്ഥാനത്തുണ്ടായിരുന്നു. ഇതില്‍ 28 മത്സരങ്ങളിലും ഇംഗ്ലണ്ട് വിജയിച്ചു. പോളണ്ടിലും ഉക്രൈനിലുമായി ഈ വര്‍ഷം നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരങ്ങില്‍ ഇംഗ്ലണ്ട് ടീം തോല്‍വിയറിഞ്ഞിരുന്നില്ല. ഇനി കാപല്ലോയെ താമസിയാതെ ചെല്‍സി പരിശീലക വേഷത്തില്‍ കാണാനാകുമെന്നാണ് കരുതുന്നത്.

Malayalam News

Kerala News In English