തിരുവനന്തപുരം: തിങ്ങി നിറഞ്ഞ സദസ്സിന്റെ ഹൃദയം കവര്‍ന്ന കഥക്ക് നൃത്താവതരണത്തോടെ നിശാഗന്ധി ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. കനകക്കുന്ന് നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കവി ഒ എന്‍ വി കുറുപ്പ്, കെ ടി ഡി സി ചെയര്‍മാന്‍ ചെറിയാന്‍ഫിലിപ്പ് പങ്കെടുത്തു. റിഗാറ്റ ചിട്ടപ്പെടുത്തിയ നൃത്ത സംഗീത ശില്‍പവും ചടങ്ങിന് പൊലിമ പകര്‍ന്നു. മോഹിനിയാട്ടവും ഭരതനാട്യവും കഥക്കുമെല്ലാം ഉള്‍പ്പെടുത്തിയ നൃത്തശില്പത്തിന് അകമ്പടിയായത് അമ്പതോളം ഗായകരുടെ ഫെസ്റ്റിവലിന്റെ അവതരണ ഗാനമായിരുന്നു.

തുടര്‍ന്ന് നിരുപമ-രാജേന്ദ്ര ദമ്പതികളുടെ കഥക്ക് നൃത്താവതരണം നടന്നു. പാദചലനങ്ങങ്ങളും ചിലങ്കകളും തീര്‍ത്ത കഥക്കിന്റെ മാന്ത്രികലോകം ആസ്വാദകര്‍ നിറഞ്ഞ കൈയടികളോടെയായിരുന്നു സ്വീകരിച്ചത്. സംഭ്രമ, രംഗ്, രാസലീല, കഥം കഥം എന്നീ അവതരണങ്ങളായിരുന്നു നടന്നത്.