mazhaഇത്‌ മലയാളിയുടെ സ്വന്തം മഴക്കാലം……. പെരുമഴനനഞ്ഞ്‌ പറമ്പുകളിലും വയല്‍വക്കുകളിലും ഓടുന്ന, തണ്ണീര്‍കുളത്തില്‍ മുങ്ങാംകുഴിയിടുന്ന ഓര്‍മ്മകളാണ്‌ മഴ മലയാളിയില്‍ ആദ്യം കൊണ്ട്‌ വരിക… പിന്നെ നനഞ്ഞൊലിച്ച്‌ ക്ലാസ്‌ മുറികളിലിരിക്കുന്നത്‌, കനത്ത മഴയില്‍ കിഴക്കെപ്പുറത്തെ മരം കടപുഴകി വീണത്‌…. ശാന്തമായി തുടങ്ങി രൗദ്രഭാവം കൈവരുന്ന മഴ. ഓര്‍മ്മകള്‍ പെയ്യാന്‍ തുടങ്ങുമ്പോള്‍ നാം സ്വയം ഓരോ മഴത്തുള്ളികളായി മാറുന്നു.

വീട്ടു പറമ്പില്‍ കിളിര്‍ക്കുന്ന ചെറു ചെടികള്‍, കാലു പോയി കമ്പ്‌ വളഞ്ഞ കുട, നിറഞ്ഞൊഴുകുന്ന പുഴകളും ഇടത്തോടുകളും, രാത്രിയില്‍ ജനലിനുള്ളിലൂടെ വരുന്ന മഴയുടെ സംഗീതം, ഓരോ ഇടി ശബ്ദം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും വലിച്ചിടുന്ന പുതപ്പ്‌, മഴയെ എങ്ങിനെയാണ്‌ അടയാളപ്പെടുത്തുക…….

പുസ്‌തകത്തിന്റെ ഇഴകിയ പേജുകള്‍ ചിലപ്പോള്‍ നനഞ്ഞ്‌ കുതിര്‍ന്നിട്ടുണ്ടാകും. സൂര്യമാര്‍ക്ക്‌ കുടക്ക്‌ താങ്ങാന്‍ കഴിയാത്ത മഴ ചിലപ്പോള്‍ ബാഗിലൂടെ ഊര്‍ന്നിറങ്ങി പുസ്‌തകത്തിലെത്തും. മഴനനഞ്ഞ്‌ മഷിപരന്ന പുസ്‌തകത്തിന്‌ അന്ന്‌ രാത്രി ഉറക്കം അടുപ്പിനടുത്താണ്‌. അയലില്‍ ഈര്‍പ്പമുള്ള യൂനിഫോം എടുത്തണിയുമ്പോള്‍ മഴയെ ധരിക്കുന്നത്‌ പോലെ തോന്നും. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തോണ്ടിയെടുത്ത്‌ കുട്ടികള്‍ക്ക്‌ നേരെ തൂവുന്ന വാഹനങ്ങളുണ്ട്‌. ചിലപ്പോള്‍ തെമ്മാടിക്കാറ്റ്‌ വീശും. കുടയും മനസും പറക്കും. പാവാടകള്‍ പാറിപ്പോകും. തെങ്ങിന്‍ മണ്ടകള്‍ ആടിയുലയും ചിലപ്പോള്‍ കാറ്റടിക്കുമ്പോള്‍ പേടി തോന്നും.

സ്‌കൂള്‍ വിടുമ്പോള്‍ പിറകില്‍ മഴ ശബ്ദം കേട്ടാല്‍ ഓടാന്‍ തുടങ്ങും. കുസൃതി നിറഞ്ഞ ചിരിയോടെ പിന്തുടരുന്ന മഴയെ തോല്‍പിച്ച്‌ വീട്ടിലെത്താന്‍. പക്ഷെ പാതി വഴിയില്‍ വെച്ച്‌ മഴ പിടികൂടും. കുട കയ്യിലുള്ളപ്പോഴും നിവര്‍ത്താതെ മഴകൊണ്ട്‌ വരും. പ്രതീക്ഷിക്കാതെയായിരിക്കും ചിലപ്പോള്‍ മാനം കറുക്കുക. അന്ന്‌ പെരുമഴപെയ്യുമ്പോള്‍ പരന്നൊഴുകിയ വെള്ളത്തിലേക്ക്‌ വീണ വൈദ്യുതിക്കമ്പിയില്‍ തട്ടിയാണ്‌ ആച്ചുവിന്റെ മകള്‍ അശ്വതി മരിച്ചു പോയത്‌. കുളത്തില്‍ മുങ്ങി മരിച്ച മുനീര്‍, പുരക്കു മീതെ തെങ്ങ്‌ കടപുഴകിയപ്പോള്‍ ഓടിളകിവീണ്‌ ശാന്തച്ചേച്ചിയുടെ തലയില്‍ നിന്ന്‌ ഒലിച്ച രക്തം… മഴ ചിലപ്പോള്‍ ഭീകരമായ ഓര്‍മ്മകള്‍ സമ്മാനിക്കും.

ഇടത്തോടുകളില്‍ ചെറുമീനുകള്‍ നിറയുന്ന കാലമാണിത്‌. കണ്ണനും പരലും വരാലും.. അങ്ങനെ പലതരം. പുതുവെള്ളത്തില്‍ കയറിയ വന്‍ മീനുകളെ പിടിക്കാന്‍ ചെറുപ്പക്കാര്‍ കെണിയൊരുക്കാറുണ്ട്‌. ചിലര്‍ക്കൊക്കെ വലിയ വരാലിനെയും മുഴുവിനെയും കിട്ടും. യുവാക്കള്‍ സംഘം ചേര്‍ന്നാണ്‌ മീന്‍പിടിത്തം. ചില മീനുകളെ പിടിക്കാന്‍ അര്‍ധരാത്രി ഉറക്കിളച്ചിരിക്കണം.

നനഞ്ഞൊലിച്ച ഓര്‍മ്മകളില്‍ ഇരമ്പിയെത്തുന്ന മഴക്ക്‌ ഒരായിരം വര്‍ണങ്ങളുണ്ട്‌. സംഗീതമുണ്ട്‌. സൗന്ദര്യമുണ്ട്‌. മലയാളിക്ക്‌ മാത്രം ലഭിക്കുന്ന സുഗന്ധം.