ഉദയ്പൂര്‍ : ഓപറേഷനിടെ ഡോക്ടറുടെ അശ്രദ്ധ കാരണം കൈമുറിഞ്ഞ് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഓപറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ ഡോക്ടറുടെ അശ്രദ്ധ കാരണം ബ്ലേഡ് കൊണ്ട് കുഞ്ഞിന്റെ കൈ മുറിയുകയായിരുന്നുവെന്നാണ് ആരോപണം.

വിഷയം കുഞ്ഞിന്റെ മാതാപിതാക്കളെ അറിയിക്കാതെ മുറിവ് ബാന്റേജ് വെച്ച് കെട്ടുകയായിരുന്നു ഡോക്ടര്‍ ചെയ്തത്. പിന്നീട് കുഞ്ഞിനെ തിയേറ്ററില്‍ നിന്ന് മാറ്റി. പിന്നീട് മുറിവ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞെങ്കിലും പ്രശ്‌നമാക്കേണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Subscribe Us:

ഡോക്ടറുടെ അശ്രദ്ധകാരണമാണ് മുറിവുണ്ടായതെന്നും ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ വീഴ്ച വരുത്തിയെന്നും കുഞ്ഞിന്റെ പിതാവ് രഞ്ജിത്ത് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ചുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം വിവാദമായിരിക്കയാണ്. ആശുപത്രിയില്‍ ഇങ്ങനെ ഓപറേഷനിടെ കുഞ്ഞിന് മുറിവുണ്ടാകാറുണ്ടെന്നും ഇത് പുതിയ സംഭവമല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.