മുംബൈ: ഒബാമക്കൊപ്പം ഇന്ത്യയിലെത്തിയ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് ദയാല്‍. ഇതു സംബന്ധിച്ച് കമ്മീഷണര്‍ മഹാരാഷ്ട്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

മുംബൈയില്‍ ഒബാമയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കുന്നതിനുള്ള ചുമതല മുംബൈ കമ്മീഷണര്‍ക്കായിരുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടല്‍ മൂലം പോലീസ് സേനക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മുംബൈ പോലീസും യു.എസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടാക്കിയ ധാരണകളെല്ലാം തെറ്റിക്കുന്ന തരത്തിലായിരുന്നു അവരുടെ ഇടപെടലുകളെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വളരെ മോശമായാണ് യു.എസ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്.

സെന്റ് സേവ്യര്‍ കോളജ് സന്ദര്‍ശന സമയത്ത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തോക്കുധാരികളായ യു.എസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെ എന്‍.എസ്.ജി കമാണ്ടോകള്‍ക്കായിരുന്നു സുരക്ഷാ ചുമതല. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും യു.എസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിനിടയാക്കി.

മുംബൈ യൂനിവേഴ്‌സിറ്റിയില്‍ മിഷേല്‍ ഒബാമയുടെ സന്ദര്‍ശന സമയത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡെപുൂട്ടി പോലീസ് കമ്മീഷണര്‍ സുഹാസ് വാറക്കിനെ സ്ഥലത്തേക്ക് കടത്തി വിടാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.