ഇഞ്ചിയോണ്‍: ലോകബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണമെങ്കിലും നേടാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 49 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ അമന്‍ദീപ് സിങിന് തോല്‍വി. ആതിഥേയതാരമായ ഷിങ് ജോങ് ഹുന്‍ ആണ് 11-18ന് അമന്‍ദീപിനെ തോല്‍പ്പിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവായ അമന്‍ദീപിനെതിരെ തുടക്കത്തിലേ പോയന്റുകള്‍ നേടി മുന്നേറിയ ഷിന്‍ ഒരു ഘട്ടത്തിലും ഏതിരാളിക്ക് മേധാവിത്വം നേടാന്‍ അവസരം നല്‍കിയില്ല. 2009 വേള്‍ഡ് ചാംപ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവാണ് ഷിന്‍.

ഇത്തവണ ഇന്ത്യയില്‍ നിന്ന് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ഏകതാരമായിരുന്നു അമന്‍ദീപ്. നേരത്തേ വിവിധവിഭാഗങ്ങളിലായി ഇന്ത്യയുടെ ബല്‍വിന്ദര്‍ ബെനിവാളും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവായ പരംജീത് സമോട്ടയും സെമിയില്‍ പരാജയപ്പെട്ടിരുന്നു.

രണ്ട് പേരുടെയും വെങ്കലമെഡലും അമന്‍ദീപിന്റെ വെള്ളിയുമടക്കം മൂന്ന് മെഡലുകളാണ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇത്തവണ ഇന്ത്യക്ക് സ്വന്തമാക്കാനായത്. കഴിഞ്ഞ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകള്‍ നേടിയിരുന്നു.