ലോസാഞ്ചല്‍സ്: ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന 63-ാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ‘മാഡ് മെന്‍’ മികച്ച പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘മോഡേണ്‍ ഫാമിലി’ മികച്ച ഹാസ്യ പരമ്പരയായി.

ബ്രിട്ടീഷ് ചരിത്ര പരമ്പരയായ ‘ഡൗണ്‍ടണ്‍ അബേ’ മികച്ച ഹ്രസ്വ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. മൈല്‍ഡ്രഡ് പിയേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്ലറ്റ് മികച്ച ഹ്രസ്വ പരമ്പര നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഗൈ പീസ് മികച്ച സഹനടനുള്ള അവാര്‍ഡ് നേടി. ദ കെന്നഡീസിലെ താരം ബെറി പെപ്പറാണ് മികച്ച (ഹ്രസ്വ പരമ്പര) നടന്‍.

‘ഫ്രൈഡേ നൈറ്റ് ലൈറ്റ്‌സി’ലെ അഭിനയത്തിന് കെയ്ല്‍ ചാന്‍ഡ്‌ലര്‍ മികച്ച നടനായപ്പോള്‍ (ഡ്രാമ സീരീസ്) ‘ദ് ഗുഡ് വൈഫിലെ’ അഭിനയത്തിന് ജൂലിയാന മാര്‍ഗുലീസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

‘ബോര്‍ഡ് വാക്ക് എമ്പയര്‍’ പരമ്പയുടെ പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവുകൂടിയായ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ആണ് മികച്ച സംവിധായകന്‍.